ലക്‌നൗ: മദ്രസകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച് യു.പി സർക്കാർ. സാങ്കേതികവിദ്യകൾ എല്ലാ കുട്ടികളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മദ്രസകളിലെ പാഠ്യപദ്ധതികൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പൈലറ്റ് പ്രൊജക്ടിന്റെ കീഴിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
” ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകളാണ് ഭാവിയിൽ ലോകത്തെ മുന്നോട്ടു നയിക്കാൻ സഹായിക്കുക. ഇത്തരം സാങ്കേതികവിദ്യകൾ എല്ലാ കുട്ടികളും പ്രയോജനപ്പെടുത്തണം. ഇതിനായി മദ്രസകളിലെ പാഠ്യപദ്ധതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻലിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്”- ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് അസാദ് അൻസാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 4-ാം തീയതി മുതൽ പ്രത്യേക ക്യാമ്പയിനുകളും സംഘടിപ്പിച്ചു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രസകളിൽ എഐയുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിപ്പിക്കാൻ യുപി സർക്കാർ www.teamupai.org എന്ന വെബ്‌സൈറ്റ് നിർമ്മിച്ചിട്ടുണ്ട്. ഇതുവഴി വിദഗ്ധ അധ്യാപകർ എല്ലാ ദിവസവും മദ്രസകളിലെ കുട്ടികൾക്ക് ക്ലാസുകൾ നൽകും. സംസ്ഥാനത്തെ 16,000 മദ്രസകളിലേക്ക് ലിങ്കുകൾ അയച്ചിട്ടുണ്ടെന്നും അൻസാരി അറിയിച്ചു. ഉത്തർ പ്രദേശിൽ 16,513 അംഗീകൃത മദ്രസകളുണ്ട്. ഇതിൽ 560 മദ്രസകൾക്ക് സർക്കാർ ഗ്രാന്റുകൾ നൽകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരും നാളുകളിലെ സാധ്യതകൾ, മനുഷ്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം, തൊഴിലവസരങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളെ അറിയിക്കുക എന്നതാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം.















