ഗാങ്ടോക്ക്: സിക്കിം പ്രളയത്തിൽ ഒറ്റപ്പെട്ട് പോയ 245 പേരെ കൂടി രക്ഷപ്പെടുത്തി സൈന്യം. വടക്കൻ സിക്കീമിലെ റബോം ഗ്രാമത്തിൽ ഒറ്റപ്പെട്ട 245 പേരെയാണ് ഇന്ത്യൻ ആർമിയുടെ ത്രിശക്തി സേന രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് വിച്ഛേദിക്കപ്പെട്ട ഗ്രാമങ്ങളെ വീണ്ടും ബന്ധിപ്പിക്കുന്നതിന് ത്രിശക്തി കോർപ്സ് വൻതോതിലുള്ള പ്രവർത്തനങ്ങളാണ് പ്രദേശത്ത് നടത്തി വരുന്നത്.
അതി സാഹസികമായാണ് സൈന്യം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഒക്ടോബർ 7-ന് ആരംഭിച്ച രക്ഷാദൗത്യം ഒക്ടോബർ 13 വരെ തുടർന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയും കാലാവസ്ഥതയിലൂടെയുമാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്. ഇത്രയും ദിവസം ഒറ്റപ്പെട്ട് കഴിഞ്ഞ ആളുകൾക്ക് എല്ലാ സുരക്ഷാ സംവിധാനങ്ങളും വൈദ്യസഹായവും സൈന്യം എത്തിച്ചിരുന്നു.
റാബോം, മെൻഷിതാങ്, ചുബിൻബിൻ എന്നിവിടങ്ങളിലെ ആളുകളാണ് പ്രളയത്തിൽ ഒറ്റപ്പെട്ടത്. ഒറ്റപ്പെട്ട് പോയ ഗ്രാമങ്ങളിൽ സൈനികർ ഹെലിപാഡും സുരക്ഷാപാതയും നിർമ്മിച്ചു. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ നിരവധി ഹെലികോപ്റ്ററുകൾ ദുരിത ബാധിതാ മേഖലകളിൽ വിന്യസിച്ചിരുന്നു. 200-ലധികം ഉദ്യോഗസ്ഥരെയാണ് ദൗത്യത്തിന് ഉൾപ്പെടുത്തിയിരുന്നത്.















