ചെന്നൈ: സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വിവിധ തസ്തികളിലേക്ക് നടത്തിയ പരീക്ഷകളിൽ കോപ്പി അടിച്ച 30 പേർ പിടിയിൽ. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കോപ്പിയടിച്ച ഉദ്യോഗാർത്ഥികളെയാണ് അധികൃതർ പിടികൂടിയത്. പിടികൂടിയ വിദ്യാർത്ഥികളുടെ പക്കൽ നിന്നും ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അധികൃതർ കണ്ടെടുത്തു.
സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിലെ ക്ലർക്ക്, കാന്റീൻ അറ്റൻഡന്റ്, തുടങ്ങിയ തസ്തികകളിലേക്കാണ് പരീക്ഷകൾ നടത്തിയിരുന്നത്. 15,000-ഓളം അപേക്ഷകരിൽ 200 ഉദ്യോഗാർത്ഥികളെയാണ് പരീക്ഷ എഴുതുന്നതിനായി തിരഞ്ഞെടുത്തത്ത്. പരീക്ഷ നടത്തുന്ന സമയത്ത് ഉദ്യോഗാർത്ഥിയുടെ പെരുമാറ്റത്തിൽ ഇന്റിവിജിലേറ്ററിന് തോന്നിയ സംശയമാണ് മറ്റു ആളുകളെയും പിടികൂടുന്നതിൽ എത്തിച്ചത്.
സംശയം തോന്നിയ വിദ്യാർത്ഥിയെ വിശദമായി പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും ചെറിയ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റും വയറിൽ കെട്ടിവച്ച നിലയിൽ ബ്രോഡ്ബാൻഡ് കണക്ടറ്റഡായ ഇലക്ട്രോണിക് ഉപകരണവും കണ്ടെടുത്തു. ഇതോടെ പരീക്ഷാകേന്ദ്രത്തിൽ കസ്റ്റംസ് അധികൃതർ വ്യാപകമായ പരിശോധന നടത്തിയതോടെ കൂടുതൽ പേർ പിടിയിലാവുകയായിരുന്നു. ഇതിൽ ഒരാൾ ആൾമാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്ന് അധികൃതർ കണ്ടെത്തി. പരീക്ഷാക്രമക്കേടിന് പിടിയിലായ 30 പേർക്കെതിരെയും നോർത്ത് ബീച്ച് പോലീസ് കേസെടുത്തു. പിടിയിലായവരെല്ലാം പരീക്ഷകളിൽ ക്രമക്കേട് നടത്തുന്ന വൻ റാക്കറ്റിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.















