സിദ്ധിപ്പേട്ട്: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഒരു അവസരം കൂടി നൽകണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ജനങ്ങൾ കോൺഗ്രസിന് ഇതുവരെ 10-12 അവസരങ്ങൾ നൽകിയതാണെന്നും എന്നാൽ അവർ ജനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധിപേട്ട് ജില്ലയിലെ ഹുസ്‌നാബാദിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെസിആർ. പരിപാടിയിൽ ബിആർഎസിന്റെ പ്രകടനപത്രികയും കെസിആർ പുറത്തിറക്കി. ” തിരഞ്ഞെടുപ്പുകൾ വരികയും പോവുകയും ചെയ്യും. നമുക്ക് എന്താണ് നല്ലതെന്ന് നമ്മൾ തിരിച്ചറിയണം. നിങ്ങളുടെ വോട്ടുകളാണ് സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ തീരുമാനം എടുക്കേണ്ടത് പ്രധാനമാണ്. മറ്റുള്ളവരെ ശ്രദ്ധിക്കാതെ നമ്മൾ സ്വയം നിലപാട് എടുക്കുകയാണ് വേണ്ടത്.
കോൺഗ്രസ് വീണ്ടും ഒരു അവസരം കൂടി നൽകണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. എന്തിന് വേണ്ടിയിട്ടാണ് ഒരു അവസരം. 60 വർഷത്തോളം കേന്ദ്രം ഊരിച്ചവരാണ് നിങ്ങൾ. ഒരു അവസരം ചോദിക്കുന്നത് 10-12 അവസരങ്ങൾ ജനങ്ങൾ നൽകിയിരുന്നു. എങ്കിലും ഒന്നും ചെയ്തില്ലെന്നും” കെസിആർ പരിഹസിച്ചു. നവംബർ മൂന്നിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. തുടർച്ചയായ മൂന്നാം വട്ടവും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് കെസിആർ ഇക്കുറിയും മത്സരത്തിനിറങ്ങുന്നത്.