തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംസ്ഥാനത്ത് പുതിയ ബിവ്‌റേജസ് ഷോപ്പുകൾ തുറക്കേണ്ടെന്ന നിലപാടുമായി സർക്കാർ. പുതിയ 175 ഷോപ്പുകളും പൂട്ടിപ്പോയ 68 ഷോപ്പുകളും ഉൾപ്പെടെ 273 ഷോപ്പുകൾ തുടങ്ങാൻ ബെവ്‌കോയ്‌ക്ക് സർക്കാർ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ഇതിൽ ഏഴെണ്ണം തുറക്കുകയും ചെയ്തു. തുറക്കാനുളള ബാക്കി ഷോപ്പുകൾ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തുറക്കരുതെന്നാണ് സർക്കാർ വാക്കാൽ നിർദ്ദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ബാർ ഉടമകളും കൂടുതൽ ഔട്ട്‌ലൈറ്റുകൾ തുടങ്ങുന്നതിലെ അതൃപ്തി സർക്കാരിനെയും സിപിഎം നേതൃത്വത്തെയും അറിയിച്ചിരുന്നു.
2022 മെയ്യിലാണ് പൂട്ടിപ്പോയ പുതിയ ഷോപ്പുകൾ തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്. ബെവ്‌കോയ്‌ക്ക് ഏഴെണ്ണവും കൺസ്യൂമർഫെഡിന് അഞ്ചെണ്ണവുമാണ് ഇതു വരെ തുറക്കാനായത്. എന്നാൽ അൻപതോളം ബാറുകൾ ഇതിനുശേഷം തുടങ്ങി.
559 ചില്ലറവിൽപന ഷോപ്പുകൾക്ക് അനുമതിയുണ്ടെങ്കിലും 309 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ബാക്കിയുള്ളവ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കുമെന്നുമാണ്, ഇത്തവണത്തെ മദ്യനയം വിശദീകരിച്ചുകൊണ്ടു ജൂലൈയിൽ എക്‌സൈസ് മന്ത്രി പറഞ്ഞത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം മദ്യനയം ഉത്തരവായി ഇറങ്ങിയപ്പോൾ ചില്ലറ വിൽപന ഷോപ്പുകളെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ഇത് വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.















