ഗുവാഹത്തി: അസമിൽ അടിസ്ഥാന ആരോഗ്യ സൗകര്യ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. 34.80 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ 86.72 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമാണ് അദ്ദേഹം നിർവഹിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ(എൻഎച്ച്എം), പതിനഞ്ചാമത് ഫിനാൻസ് കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് എന്നിവയുടെ കീഴിലും വികസന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. അസം ആരോഗ്യമന്ത്രി കേശവ് മഹമ്തയും അസമിലെ ഐഐടിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ലഖിമപീർ ജില്ലയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, നൈഗോൺ ജില്ലയിൽ സംയോജിത പബ്ലിക് ഹെൽത്ത് ലബോറട്ടറി, പബ്ലിക് ഹെൽത്ത് യൂണിറ്റ് എന്നിവക്ക് മന്ത്രി തറക്കല്ലിട്ടു. കൂടാതെ കൊക്രാജാർ, ചിരാംഗ്, ബക്‌സ, ജോർഹത്ത് ജില്ലകളിൽ ഉപജില്ലാ ആശുപത്രികളുടെ നവീകരണം, ബാർപേട്ട, ഹൈലകണ്ടി, ശിവാസ്ഗർ ജില്ലകളിലെ സിഎച്ച്എസികളുടെ നിർമ്മാണം തുടങ്ങിയവ മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വേണ്ടി 2021 ൽ ആരംഭിച്ച പാൻ ഇന്ത്യൻ പദ്ധതിയാണ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ. ഇതിന്റെ കീഴിൽ 1300.67 കോടി രൂപയിലാണ് അസമിൽ കെട്ടിടങ്ങൾ ഇല്ലാത്ത 768 sc HWCകൾ, 207 BPHU, 33 IPHL 27 CCBഎന്നിവയുടെ കെട്ടിടം നിർമ്മാണവും, ബലപ്പെടുത്തലും, നവീകരണവും നടത്തുന്നത്.
നാഷണൽ ഹെൽത്ത് മിഷന്റെ പ്രധാന ലക്ഷ്യം പ്രതിരോധപ്രവർത്തനങ്ങളാണ്. അതിനാൽ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സെക്കണ്ടറി ലെവൽ ആരോഗ്യ സംരക്ഷണ പദ്ധതികൾക്ക് വരെ നാഷണൽ ഹെൽത്ത് മിഷൻ പിന്തുണ നൽകും.