വാഷിംഗ്ടൺ: ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായതിന് പിന്നാലെ ഗാസയിൽ നിന്ന് കുടിയൊഴിഞ്ഞവരെ സ്വീകരിക്കാൻ തയ്യാറാകാത്ത അറബ് രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലെ. ഹമാസിനേയും ഹിസ്ബുള്ളയേയും ശക്തിപ്പെടുത്തുന്ന നീക്കങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും നിക്കി വിമർശിച്ചു.
പാലസ്തീനിലെ സാധാരണക്കാരായ ആളുകളെ ഒരിക്കലും മറക്കാൻ പാടില്ല. അറബ് രാജ്യങ്ങൾ എല്ലാം ഇപ്പോൾ എവിടെയാണ്. ഖത്തറും ലെബനനും ജോർദാനും ഈജിപ്തും എല്ലാം എവിടെ പോയി. അവർ അമേരിക്കയേയും ഇസ്രായേലിനേയും കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരാണ്. അവർക്ക് വേണമെങ്കിൽ എല്ലാം ശരിയാക്കാൻ സാധിക്കും. ഹമാസിനോട് യുദ്ധം നിർത്താൻ പറയാനുള്ള കഴിവ് അവർക്കുണ്ട്.
ഹമാസുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നത്. ഇറാൻ അവർക്ക് ആവശ്യമുള്ള പണവും നൽകുന്നു. പക്ഷേ യുദ്ധം നിർത്താൻ പറയില്ല. എന്നിട്ട് ഇസ്രായേലിന് നേരെ വിരൽ ചൂണ്ടുകയാണ്. ഹമാസ് ഭീകരർ ചെയ്ത ക്രൂരതകൾ ഒരിക്കലും മറക്കാനാകില്ല. ജീവനും കൊണ്ട് ഓടി രക്ഷപെട്ട പെൺകുട്ടികളേയും, മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളേയുമൊന്നും ഒരിക്കലും മറക്കാനാകില്ല. സാധാരണക്കാരായ ആളുകളെ ഹമാസ് തെരുവിലൂടെ വലിച്ചിഴച്ച് അതിക്രൂരമായി പീഡിപ്പിച്ചാണ് കൊന്നത്.
ഇസ്രായേലിന് നേരെ വിരൽ ചൂണ്ടുമ്പോഴും പാലസ്തീനിലെ സാധാരണക്കാർക്ക് വേണ്ടി ഒന്നും ചെയ്യാൻ ഇവർ തയ്യാറാകുന്നില്ല. വലിയ കാര്യങ്ങൾ പറയുമ്പോളും പാലസ്തീനിലെ ജനങ്ങളെ മറന്ന് ഹമാസിന് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും” നിക്കി ഹാലെ വിമർശിച്ചു.















