ന്യൂഡൽഹി: ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ഫ്രഞ്ച് ബഹിരാകാശ യാത്രികൻ തോമസ് പെസ്‌ക്വെറ്റ്. ബഹിരാകാശ മേഖലയിൽ ഭാരതീയരുടെ ആഴമേറിയ അഭിനിവേശം തന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവ പ്രതിഭകളുമായും ഭാവിയിലെ ബഹിരാകാശ സഞ്ചാരികളുമായും സംവദിക്കാൻ കഴിഞ്ഞു. വലിയ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങുമ്പോൾ അവിടെ ലോകം മാറി തുടങ്ങുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
സ്‌കൂൾ വിദ്യാർത്ഥികളോട് സംവദിച്ച തോമസ് പെസ്‌ക്വെറ്റ് ആർക്കെല്ലാം ബഹിരാകാശ യാത്രികരാകാൻ താത്പര്യമുണ്ടെന്ന് ചോദിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാൻ തടിച്ചുകൂടിയ എല്ലാ വിദ്യാർത്ഥികളും കൈ ഉയർത്തുകയും തങ്ങൾക്കും ബഹിരാകാശത്തേക്ക് സഞ്ചരിക്കണമെന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തു. ഒരിക്കൽ താനും നിങ്ങളെ പോലെയായിരുന്നുവെന്നായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യയിൽ ഇന്ന് വളരെ മികച്ച സ്‌പേസ് പ്രോഗ്രാം ഉണ്ട്. ബഹിരാകാശ മേഖലയിൽ വലിയ വലിയ കാര്യങ്ങളാണ് ഭാരതം വരും നാളുകളിൽ ചെയ്യാൻ പോകുന്നത്. ഒരുനാൾ ഞാൻ ബഹിരാകാശത്തേക്ക് പറക്കുന്നത് എന്റെ ഇന്ത്യൻ സഹപ്രവർത്തകരോടൊപ്പം ആയിരിക്കാം. നിങ്ങളും ബഹിരാകാശത്തേക്ക് പറക്കും. അതുകൊണ്ട് ഇപ്പോൾ നന്നായി പഠിക്കുക. നമുക്കൊരു ദിവസം ബഹിരാകാശത്ത് വച്ച് കണ്ടുമുട്ടാമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. തോമസ് പെസ്‌ക്വെറ്റിന്റെ ഇന്ത്യാ സന്ദർശനത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു.
Glad you came to India @Thom_astro and experienced the vibrancy and dynamism of our youth, particularly in the fields of science, space and innovation. https://t.co/87nWT83bHH
— Narendra Modi (@narendramodi) October 15, 2023















