കൽപ്പറ്റ: നാല് വയസുകാരനായ കുഞ്ഞ് ഛർദ്ദിച്ചതിനെ തുടർന്ന് പിതാവിന് കെഎസ്ആർടിസി കണ്ടക്ടറുടെ അസഭ്യവർഷം. സുൽത്താൻ ബത്തേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് വരുകയായിരുന്ന ബസിലാണ് സംഭവം. പടനിലം സ്വദേശിയായ യുവാവ് ഗതാഗതമന്ത്രി ആന്റണി രാജുവിന് പരാതി നൽകി.
യുവാവും കുഞ്ഞും സ്ത്രീകളും ഉൾപ്പെടുന്ന കുടുംബം സുൽത്താൻ ബത്തേരിയിൽ നിന്നാണ് ബസിൽ കയറിയത്. ബസ് അടിവാരത്തെത്തിയപ്പോൾ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദ്ദിക്കുകയും ചെയ്തു. കുടുംബത്തിന്റെ കൈയിൽ കരുതിയിരുന്ന പോളിത്തീൻ കവറും തുണുയും ഉപയോഗിച്ച് കൈകാര്യം ചെയ്തു. പിന്നീട് കുടുംബം ഇറങ്ങാറായപ്പോൾ വീണ്ടും ഛർദ്ദിച്ചു. ബസിനുള്ളിൽ ആകേണ്ടെന്ന് കരുതി പിതാവ് കുഞ്ഞിന്റെ തല ഫുട്ട് ബോർഡിലേക്ക് തിരിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാൽ ഈ സമയം ബസ് കണ്ടക്ടർ മോശമായി പെരുമാറുകയും ദേഷ്യപ്പെടുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.
യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കണ്ടക്ടറുടെ അസഭ്യവർഷം. ബസിൽ നിന്ന് ഇറങ്ങിയതിന് ശേഷവും കണ്ടക്ടറും യാത്രക്കാരനും തമ്മിൽ സംസാരം തുടർന്നു. മാനുഷിക പരിഗണനയോടെ പെരുമാറേണ്ട സാഹചര്യത്തിൽ സർക്കാർ ജീവനക്കാരനനിൽ നിന്നും ലഭിച്ചത് മോശം പെരുമാറ്റമാണെന്നും അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്നും യുവാവും കുടുംബവും പറഞ്ഞു. കണ്ടക്ടറുടെ ശബ്ദത്തോടെയുള്ള സംസാരവും ബഹളവും കേട്ട് കുഞ്ഞും പരിഭ്രാന്തിയിലാണ്.















