താനും തന്റെ കുടുംബം ചോറ്റാനിക്കര അമ്മയുടെ ഭക്തരാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. സിനിമയിൽ എത്തുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം ചോറ്റാനിക്കരയിൽ വന്നിരുന്നു. ഭാര്യ പതിവായി ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ഈ പരിസരത്ത് തന്നെ വീട് വെയ്ക്കണമെന്നാണ് ആഗ്രഹമെന്നും സുരാജ് പറഞ്ഞു. ചോറ്റാനിക്കരയിലെ നവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.
‘കുറച്ചു നാളുകളായി ഞാൻ കൊച്ചിയിലാണ് താമസം. സിനിമയിലേക്ക് വരുന്നതിന് മുമ്പ് അച്ഛനും അമ്മയും ജ്യേഷ്ഠനും സഹോദരിയുമെല്ലാവരുമായി എന്റെ കുട്ടിക്കാലത്ത് ഞാൻ ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നിട്ടുണ്ട്. എന്റെ കുടുംബം ചോറ്റാനിക്കര അമ്മയുടെ ഭക്തരാണ്. കല്ല്യാണത്തിന് ശേഷം എനിക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടായി. മൂന്ന് പേരുടെയും ചോറൂണ് ഈ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു. ഭാര്യ മിക്കപ്പോഴും ഇവിടെ വരുന്നതാണ്. ഞാനും ഇവിടെ വന്ന് പ്രാർത്ഥിച്ച് പോകാറുണ്ട്’.
‘എന്റെ ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണിത്. ഈ പരിസരത്ത് തന്നെ വീട് വാങ്ങണമെന്നാണ് ആഗ്രഹം. ഈ പരിസരത്ത് വീട് വെയ്ക്കാൻ അന്വേഷിച്ച് നടന്നിരുന്നു. അഭിലാഷ് പിള്ള, ധ്യാൻ ശ്രീനിവാസൻ, അതിഥി രവി എല്ലാവരും ഈ പരിസരത്ത് താമസിക്കാൻ അഡ്വാൻസ് കൊടുത്തു കഴിഞ്ഞു. ഒരുപാട് കലാകാരന്മാർ ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് താമസം ഉറപ്പിച്ചിരിക്കുകയാണ്. താമസിക്കാതെ എനിക്കും വരാൻ പറ്റണമെന്ന് പ്രാർത്ഥിക്കുന്നു’- സുരാജ് പറഞ്ഞു.















