കൊൽക്കത്ത: കൊൽക്കത്തയിലെ ന്യൂ ടൗണിൽ നടക്കുന്ന ദുർഗാപൂജയിൽ നഫീസ എന്ന എട്ടുവയസുകാരി ദുർഗയാകും. മൃതിക എന്ന സംഘടനയാണ് സമൂഹ ദുർഗാപൂജയിൽ ദുർഗാദേവിയാകാൻ നഫീസയെ തിരഞ്ഞെടുത്തത്.
ദുർഗാഷ്ടമി ദിനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുർഗാദേവിയായി ആരാധിക്കുന്നത് പാരമ്പര്യമായി തുടരുന്ന ആചാരമാണെന്നും സ്വാമി വിവേകാനന്ദന്റെ പ്രവർത്തനങ്ങളെ മാതൃകയാക്കിയ മൃതിക എന്ന സംഘടന ഇത്തവണ നഫീസയെ ദുർഗയാകാൻ തിരഞ്ഞെടുത്തുവെന്നും സംഘാടകർ അറിയിച്ചു.
‘1898ൽ സ്വാമി വിവേകാനന്ദൻ ശ്രീനഗറിലെ ഖീർ ഭവാനി ക്ഷേത്രത്തിൽ ദുർഗയായി പൂജിക്കാൻ നാല് വയസുള്ള മകളെ അനുവദിക്കണമെന്ന് ഒരു മുസ്ലീം കടത്തുകാരനോട് അഭ്യർത്ഥിച്ചതിന്റെ തുടർച്ചയാണിത്. അന്ന് അദ്ദേഹം ആ പെൺകുട്ടിയുടെ പാദങ്ങൾ തൊട്ട് വണങ്ങിയാണ് പൂജ ചെയ്തത്. ബംഗാളിൽ ദുർഗാപൂജ മുസ്ലീം വിഭാഗങ്ങളിൽപ്പെട്ടവരടക്കം വലിയതോതിൽ കൊണ്ടാടിയിരുന്ന മഹോത്സവമാണ്.
എന്നാൽ മതഭീകരരുടെയും മൗലികവാദികളുടെയും എതിർപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥിതി മാറിയെങ്കിലും ദുർഗാപൂജ മതഭേദമെന്യേ ദേശീയ ഉണർവിന്റെ ഉത്സവമാണെന്ന സന്ദേശമാണ് ചടങ്ങുകൾ മുന്നോട്ടുവയ്‌ക്കുന്നത്’- മൃതിക സെക്രട്ടറി പ്രഥമ മുഖർജി പറഞ്ഞു.