തിരുവനന്തപുരം: സ്റ്റേഷനിൽ പോകാതെ ട്രെയിൻ ടിക്കറ്റ് എടുക്കാനാകുന്ന മൊബൈൽ ആപ്പുകളിലൂടെ യാത്ര സുഗമമാക്കി ഇന്ത്യൻ റയിൽവേ. റെയിൽവെ സ്റ്റേഷനുകളിലെ എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ നടത്തുന്ന യുടിഎസ് മൊബൈൽ ആപ്പിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ് പ്രമുഖർ. പ്രശസ്ത സിനിമ താരം കുഞ്ചാക്കോ ബോബന്റെ വീഡിയോ സന്ദേശമാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
അൺ റിസർവ്ഡ് ടിക്കറ്റിംഗ് സംവിധാനം അഥവാ യുടിഎസ് ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും ഇനി മുതൽ എടുക്കാൻ സാധിക്കും. എന്നാൽ റിസർവേഷൻ ടിക്കറ്റ് എടുക്കാൻ സാധിക്കില്ല. ഇതിലൂടെ യാത്രക്കാർക്ക് ക്യൂവിൽ നിൽക്കാതെ തന്നെ അൺ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ആപ്പിന്റെ ഒപ്പമുള്ള വാലറ്റ് റീചാർജ് ചെയ്യുന്നതിലൂടെ യാത്രകാർക്ക് ടിക്കറ്റ് തുകയിൽ ഇളവ് ലഭ്യമാകും. യാത്രക്കാർക്ക് ഇനി മുതൽ സ്വന്തം ഫോണിൽ തന്നെ എടുക്കുന്ന ജനറൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. റെയിൽവേ സ്റ്റേഷനിലുള്ള ക്യുആർകോഡ് സ്‌കാൻ ചെയ്തും ടിക്കറ്റ് എടുക്കാവുന്നതാണെന്നും റെയിൽവേ അറിയിച്ചു.















