എറണാകുളം: കൊച്ചി വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നു. സർവീസ് ആരംഭിച്ച് ആറ് മാസം തികയുന്നതിന് മുന്നേയാണ് കെ.എം.ആർ.എൽ ഈ നേട്ടം കൈവരിച്ചത്. പത്ത് ലക്ഷം തികച്ച യാത്രക്കാരിയ്‌ക്ക് കെ.എം.ആർ.എൽ. വക ഉപഹാരവും നൽകി. മലപ്പുറം മഞ്ചേരി സ്വദേശിയായ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി സൻഹ ഫാത്തിമയാണ് പത്തു ലക്ഷം തികച്ച ആ യാത്രക്കാരി.
2023 ഏപ്രിൽ 26-നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. നിലവിൽ 12 ബോട്ടുകൾ മാത്രമാണ് വാട്ടർ മെട്രോയ്‌ക്കായി സർവീസ് നടത്തുന്നത്. ഹൈക്കോർട്ട് ജംഗ്ഷൻ- വൈപ്പിൻ-ബോൽഗാട്ടി ടെർമിനലുകളിൽ നിന്നും വൈറ്റില- കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് സർവ്വീസുള്ളത്. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസ് ആണ് ഇനി അടുത്തതായി ആരംഭിക്കാൻ പോകുന്നത്.
അതേസമയം ഫോർട്ട് കൊച്ചി, മുളവുകാട് നോർത്ത്, വെല്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെയും നിർമ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫോർട്ട്കൊച്ചി ടെർമിനലിന്റെ നിർമ്മാണം ഡിസംബറോടെ പൂർത്തിയാകും. മട്ടാഞ്ചേരി ടെർമിനലിന്റെ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തുമെന്നും കെ.എം.ആർ.എൽ. അറിയിച്ചു.















