പരീക്ഷ, ഗവേഷണം, അദ്ധ്യാപനം തുടങ്ങി ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശയവിനമയം എളുപ്പമാക്കാൻ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). ‘യുജിസി ഇന്ത്യ വാട്‌സ്ആപ്പ് ചാനൽ’ എന്ന പേരിലാണ് ചാനൽ ആരംഭിച്ചിരിക്കുന്നത്. ദിനം പ്രതിയുള്ള വിവരങ്ങൾ വിതൽത്തുമ്പിൽ ലഭിക്കുന്നതിനായി വാട്‌സ്ആപ്പ് ചാനൽ സഹായകമാകും.
പഠനവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ ഉടൻ തന്നെ വിദ്യാർത്ഥികൾ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാൻ ലക്ഷ്യമിട്ടാണ് യുജിസി ചാനൽ ആരംഭിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ഉടൻ തന്നെ അറിയാൻ കഴിയുംവിധമാണ് ക്രമീകരണം. വിദ്യാഭ്യാസത്തിൽ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്ന് യുജിസി ചെയർമാൻ പ്രൊഫ. എം. ജഗദേഷ് പറഞ്ഞു.
യുജിസി വെബ്‌സൈറ്റുകളിലേക്കോ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലേക്കോ ആക്‌സസ് ഇല്ലാത്തവർക്കും ഉപകാരപ്രദമാണ് വാട്‌സ്ആപ്പ് ചാനൽ. പാഠ്യപദ്ധതി പരിഷ്‌ക്കരണങ്ങൾ, മൂല്യനിർണ്ണയ രീതികൾ, പ്രൊഫഷണൽ അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ കഴിയുന്നതിനാൽ അദ്ധ്യാപകർക്ക് പ്രയോജനപ്രദമാണ്. വിദ്യാർത്ഥികൾക്കും, പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, അവരുടെ അക്കാദമിക് യാത്രയുടെ മറ്റ് വശങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായുള്ള അപ്‌ഡേറ്റുകൾ എളുപ്പത്തിൽ വാട്‌സ്ആപ്പ് ചാനലിലൂടെ ലഭിക്കും. യുജിസി ഇന്ത്യയുടെ വാട്‌സ്ആപ്പ് ചാനലിൽ ചേരാനായി https://whatsapp.com/channel/0029VaCh6c50gcfMkcXzgq1w എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.















