പത്തനംതിട്ട: ആറന്മുളയിൽ രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മൃതശരീരം മലയാലപ്പുഴയിൽ നിന്നും രണ്ടാഴ്ച മുൻപ് കാണാതായ യുവാവിന്റേതാണെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും ബന്ധുക്കൾ തിരിച്ചറിയുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
മലയാലപ്പുഴയിൽ നിന്നും കാണാതായ വടശേരിക്കര തലച്ചിറ സ്വദേശിയായ സംഗീത് സജി (23) യുടേതാണ് മൃതദേഹമെന്നാണ് സംശയം. ഒക്ടോബർ ഒന്നിന് സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ കയറിപ്പോയ സംഗീത് രാത്രി ഏറെ വൈകിയിട്ടും വീട്ടിലേക്ക് തിരികെ വന്നില്ല. വീട്ടുകാർ പ്രദീപിനെയും സംഗീതിനെയും ഫോണിൽ ഏറെ നേരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ആരും ഫോൺ എടുത്തിരുന്നില്ല. തുടർന്ന്, പോലീസിൽ പരാതി നൽകിയെങ്കിലും പ്രദീപിനെ മാത്രമാണ് കണ്ടെത്തിയത്. ഇടത്തറയിൽ സാധനം വാങ്ങാൻ ഓട്ടോ നിർത്തിയിരുന്നെന്നും പിന്നീട് സംഗീതിനെ കണ്ടില്ലെന്നുമായിരുന്നു പ്രദീപ് പോലീസിന് നൽകിയ മൊഴി. പ്രദീപ് സംഗീതിനെ അപായപ്പെടുത്തിയെന്നാണ് സംഗീതിന്റെ ബന്ധുക്കളുടെ സംശയം.
ഇന്ന് ആറന്മുളയിൽ നിന്നും കണ്ടെത്തിയ മൃതദേഹം സംഗീതിന്റേതാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കൾ വസ്ത്രവും വാച്ചും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.















