രാജ്യത്ത് പൗരന്മാരുടെ ഏറ്റവും പ്രധാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഏതൊരു അപേക്ഷ സമർപ്പിക്കുന്നതിനും ഇന്ന് ആധാർ കാർഡ് ആവശ്യമാണ്. സാധാരണ കണ്ടുവരുന്നതിൽ നിന്നും വ്യത്യസ്തമായി നീല നിറത്തിലുള്ള ആധാർ കാർഡും ചിലരുടെ കൈവശമുള്ളത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാം. എഎന്താണ് നീല ആധാർ കാർഡ് ? ഇത് എന്തിനുവേണ്ടിയുള്ളതാണ് ? പരിശോധിക്കാം..
കുട്ടികൾക്ക് നൽകി വരുന്ന ആധാർ കാർഡ് ആണ് ബ്ലൂ ആധാർ അഥവാ നീല നിറത്തിലുള്ള ആധാർ. ബാൽ ആധാർ എന്നും ഇതറിയപ്പെടുന്നു. 2018-ൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണിവ. വിവിധ സർക്കാർ-ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇത് സഹായകമാണ്.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ആധാറായതിനാൽ മുതിർന്നവർക്കുള്ള ബയോമെട്രിക് ഡാറ്റ ഇവർക്ക് നൽകേണ്ടതില്ല. എന്നാൽ ഇവരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടുത്തുകയും മാതാപിതാക്കളുടെ UIDAI-യുമായി ലിങ്ക് ചെയ്യേണ്ടതുമുണ്ട്. അഞ്ച് വയസ് തികയുമ്പോൾ ബയോമെട്രികും രേഖപ്പെടുത്താവുന്നതാണ്.
നവജാതശിശുക്കൾക്കായുള്ള നീല ആധാർ എങ്ങനെ അപേക്ഷിക്കാം…
*uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷാകർത്താവിന്റെ ഫോൺ നമ്പർ, മറ്റ് വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
* അടുത്തുള്ള എന്റോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
* നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാകുക.
* കേന്ദ്രത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.















