കൊച്ചി: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മറ്റ് കുട്ടികൾ ബഹളം വച്ചതോടെ കുട്ടിയുടെ കൈയ്യിലെ മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ബഹളംകേട്ടെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.















