ന്യൂഡൽഹി: യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ സൊമാറ്റോയുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഇതുവഴി യാത്രക്കാർക്ക് ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാവുന്നതാണ്. ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂറായാണ് ഭക്ഷണം ഓർഡർ ചെയ്യേണ്ടത്.
ആദ്യഘട്ടത്തിൽ ന്യൂഡൽഹി, പ്രയാഗ്രാജ്, കാൺപൂർ, ലക്‌നൗ, വാരാണസി എന്നീ അഞ്ച് റെയിൽവേ സ്‌റ്റേഷനുകളിൽ മാത്രമാണ് സൊമാറ്റോയുടെ സേവനം ലഭിക്കുക. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്കായി പ്രത്യേക സേവനങ്ങളും ഓഫറുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്രതമനുഷ്ഠിക്കുന്ന യാത്രക്കാർക്കായി പ്രത്യേക നവരാത്രി താലികൾ ഉൾപ്പെടുത്തിയായി ഐആർസിടിസി അറിയിച്ചു.
ആരോഗ്യപൂർണമായ ആഹാരം ഉറപ്പാക്കുന്നതിനായി റെയിൽവേ നടപടി സ്വീകരിച്ചിരുന്നു. ട്രെയിൻ യാത്രയിൽ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് ഐആർസിടിസി മുന്നറിയിപ്പ് നൽകിയിരുന്നു. റെയിൽറെസ്‌ട്രോ, റെയിൽമിത്ര, ട്രാവൽഖാന, റെയിൽമീൽ, ഡിബ്‌റെയിൽ, ഖാനാഓൺലൈൻ, ട്രെയിൻസ് കഫേ, ട്രെയിൻ മെന്യു, ഫൂഡ് ഓൺ ട്രാക്ക്, ഇകാറ്ററിംഗ് ആപ്പ് എന്നീ ഭക്ഷണ വിതരണ വെബ്സൈറ്റുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണം എന്നാണ് നിർദ്ദേശം.