ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലെത്തി. ടെൽ അവീവിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്‌ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു. അല്പസമയത്തിനകം ബൈഡനും നെതന്യാഹുവും തമ്മിൽ പ്രത്യേക ചർച്ചയുണ്ടാകും.
പ്രാദേശിക നേതാക്കൻമാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കിർബി പറഞ്ഞു. പ്രശ്നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരൻമാരെ മോചിപ്പിക്കുക എന്നതാണ് ബൈഡന്റെ പ്രധാന ലക്ഷ്യമെന്നും കിർബി കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേലിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് സൈന്യം. ടെൽഅവീവിൽ കടുത്ത സുരക്ഷാ നടപടികളാണ് പ്രതിരോധ സൈന്യം ഒരുക്കിയിരിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ നിരവധി റോഡുകൾ അടച്ചിടുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഹമാസ് ഭീകരർക്കെതിരെ സ്വീകരിക്കേണ്ട അടുത്ത നടപടികളെ കുറിച്ച് ബൈഡൻ ഇസ്രായേൽ നേതാക്കളുമായി ചർച്ച ചെയ്യും. യുഎസ് പിന്തുണ ശക്തമായി തുടരുമെന്ന് ബൈഡൻ ഇസ്രായേലിനെ അറിയിക്കും. ഹമാസ് ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരെ ഉൾപ്പെടെ രക്ഷിക്കുന്നതിന്റെ നടപടികളെ കുറിച്ച് ഇസ്രായേലിലെയും ജോർദാനിലെയും നേതാക്കളുമായി ബൈഡൻ ചർച്ച ചെയ്യും.















