ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഡൽഹി സാകേത് കോടതിയുടേതാണ് വിധി. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനിൽ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേരും കൊലപാതകത്തിൽ പങ്കാളികളാണെന്നും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
2008 സെപ്തംബർ 30 നാണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. രാത്രി ജോലി കഴിഞ്ഞ് സൗമ്യ വീട്ടിലേക്ക് മടങ്ങവേയാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്. നെൽസൺ മണ്ഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിലാണ് സൗമ്യയെ കണ്ടെത്തിയത്.
കേസില്‍ 2009 ല്‍ രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികള്‍ അറസ്റ്റിലായി. എന്നാല്‍ വിചാരണ നീണ്ടുപോകുകയായിരുന്നു. സംഘത്തിലെ മൂന്നുപേർ നടത്തിയ മറ്റൊരു കൊലപാതകത്തിൽ നിന്നാണ് പോലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.















