തിരുവനന്തപുരം: കേരളം വിടുമെന്ന കായികതാരങ്ങളുടെ ഭീഷണി ഫലം കണ്ടു. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് 12.5 ലക്ഷം രൂപയുമാണ് നൽകുക. മുൻ വർഷത്തേക്കാൾ 25 ശതമാനം വർദ്ധനയാണുണ്ടായത്.
ദേശീയ, അന്തർദേശീയ കായിക മേളകളിൽ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കുന്നവർക്ക് ഓരോ സംസ്ഥാന സർക്കാരുകളും പാരിതോഷികം പ്രഖ്യാപിക്കാറുണ്ട്. കായിക മേഖലയിലെ പ്രതിഭകളെ ഇവിടെത്തന്നെ പിടിച്ചുനിർത്തുന്നതിനായി അവർക്ക് ഉചിതമായ തൊഴിലും നൽകാറുണ്ട്. ഒഡീഷയും തമിഴ്നാടും ഹരിയാനയും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ കായിക താരങ്ങളെ ചേർത്തുപിടിക്കുമ്പോഴാണ് ഇവിടെ ചവിട്ടി താഴ്‌ത്തുന്നതെന്ന് ആരോപിച്ച് താരങ്ങൾ രംഗത്ത് വന്നിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയപ്പോൾ ടീമിന് കരുത്തായി ഉണ്ടായിരുന്നത് 45 മലയാളി താരങ്ങളാണ്. ഗെയിംസ് ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തം.രാജ്യത്തിനായി 13 ഇനങ്ങളിൽ മലയാളി താരങ്ങൾ കളത്തിലിറങ്ങി. 11 മെഡലുകളുമായാണ് അവർ തിരികെ കയറിയത്.
ഹോക്കിയിൽ ഒളിമ്പിക്സ് ടിക്കറ്റോടെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ ഗോൾവല കാത്തത് പി.ആർ. ശ്രീജേഷ് ആയിരുന്നു. പുരുഷന്മാരുടെ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ നാലു പേരിൽ മൂന്നും മലയാളികളായിരുന്നു: മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്. ഇതിൽ അജ്മൽ മിക്സഡ് റിലേയിൽ വെള്ളിയും നേടി. സ്‌ക്വാഷിൽ സ്വർണമടക്കം ഇരട്ട നേട്ടവുമായി ദീപിക പള്ളിക്കലും തിളങ്ങി. ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിയും രണ്ട് മെഡൽ നേടി. ക്രിക്കറ്റിൽ മിന്നു മണിയും മലയാളി സാന്നിദ്ധ്യമായി, ലോംഗ് ജംപ് താരങ്ങളായ എം. ശ്രീശങ്കർ ആൻസി സോജൻ എന്നിവരും മുഹമ്മദ് അഫ്സൽ (അത്ലറ്റിക്സ്), എം.ആർ. അർജുൻ (ബാഡ്മിന്റൺ), ജിൻസൻ ജോൺസൺ (അത്ലറ്റിക്സ്) എന്നിവരും കേരളത്തിന് അഭിമാനമായി മാറി.