മുംബൈ: സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവും ഐബിഎം ഇന്ത്യയും ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
ഇലക്ട്രോണിക്സ് വ്യവസായ മേഖലയിൽ കാതലായ മാറ്റങ്ങൾക്ക് ഐബിഎമ്മുമായുള്ള സഹകരണം വഴിവെക്കുമെന്ന് ധാരണാപത്രങ്ങൾ കൈമാറിക്കൊണ്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സെമികണ്ടക്ടർ ഗവേഷണ കേന്ദ്രം സ്ഥാപിച്ചുകൊണ്ട് ലോകോത്തര നിലവാരമുള്ള ഗവേഷണങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന ദിനമാണ്. അത്യാധുനിക നൂതന സാങ്കേതിക വിദ്യകളിൽ രാജ്യം നിർണ്ണായകമായ ചുവടുകൾ വെയ്ക്കുകയാണ്. അതിനാൽ ഈ നീക്കം പ്രാധാന്യമർഹിക്കുന്നു. വരും വർഷങ്ങളിൽ നൂതന-സാങ്കേതിക വിദ്യയുടെ ഭാവി രൂപപ്പെടുത്താൻ പോകുന്ന നാല് സാങ്കേതിക വിദ്യകളിൽ മൂന്നെണ്ണം ഇവയാണ്- ‘സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്’. ഈ വികസനമുന്നേറ്റം ഇന്ത്യയിലെ ജനങ്ങൾക്ക് ഒരു വലിയ അവസരമായിരിക്കും.- എന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ചടങ്ങിൽ ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി എസ്. കൃഷ്ണൻ, ഐബിഎം മാനേജിങ് ഡയറക്ടർ സന്ദീപ് പട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.