ന്യൂഡൽഹി: യോഗ്യരായ നോൺ-ഗസറ്റഡ് റെയിൽവേ ഉദ്യോഗസ്ഥർക്കുള്ള 2022-2023 വർഷത്തെ പ്രെഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസിന്(പിഎൽബി) അംഗീകാരം നൽകി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ. 2022-2023 വർഷത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കാണ് ഈ അംഗീകാരം ലഭിക്കുക.
ട്രാക്ക് മെയിന്റെൻർസ്, ലോക്കോ പൈലറ്റ്, ട്രെയിൻ ഗാർഡ്‌സ്, സ്റ്റേഷൻ മാസ്റ്റർസ്, സൂപ്പർവൈസർ, ടെക്‌നീഷ്യൻ, എന്നിവർ ഉൾപ്പെടെയുള്ള നിരവധി റെയിൽവേ ജീവനക്കാർക്ക് ഈ തീരുമാനം പ്രയോജനപ്പെടും. 1,107,346 റെയിൽവേ ജീവനക്കാരാണ് പിഎൽബിക്ക് അർഹരായിട്ടുള്ളത്. ഏകദ്ദേശം 1,968.87 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിനായി വിനിയോഗിക്കുന്നത്. 1509 ടൺ ചരക്ക് കയറ്റുമതിയും, 6.5 ദശലക്ഷം യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള ഗതാഗതവും ഉൾപ്പെടെ നിർണായക നേട്ടമാണ് ഈ വർഷം ഇന്ത്യൻ റെയിൽവേ കൈവരിച്ചത്, കാബിനറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പിഎൽബിയുടെ അംഗീകാരം റെയിൽവേ ജീവനക്കാർക്ക് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പ്രോത്സാഹനവും ആത്മവിശ്വസവും നൽകുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ ചരക്കുകയറ്റുമതിക്കും ഗതാഗതത്തിനും റെയിൽവേയുടെ പങ്ക് വളരെ വലുതാണ് അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ അഭിനന്ദനമായിട്ടാണ് ഈ ബോണസ് അംഗീകാരത്തെ കാണുന്നതെന്നും ഇന്ത്യൻ റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കി.















