ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിലേക്ക് വിദേശ ഫണ്ടുകൾ സ്വീകരിക്കാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2010-ലെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) പ്രകാരമാണ് കേന്ദ്രം അനുവാദം നൽകിയത്. വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് സംഭാവന നൽകാവുന്നതാണ്.
വിദേശ സ്രോതസുകളിൽ നിന്നും പ്രവാസികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കാൻ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് അനുവാദം നൽകി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയുക്ത ബാങ്കുകളിലേക്ക് മാത്രമാണ് പണം നിക്ഷേപിക്കാൻ കഴിയൂ. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കോ ശാഖയിലേക്കോ മറ്റ് സംവിധാനങ്ങളിലേക്കോ തുക കൈമാറാൻ കഴിയുന്നതല്ല. അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഫ്സിആർഎ അക്കൗണ്ടുകൾ വഴി മാത്രമാണ് തുക സ്വീകരിക്കാൻ കഴിയുകയുള്ളൂ. സർക്കാരിതര സ്ഥാപനങ്ങൾക്കോ ട്രസ്റ്റുകൾക്കോ തുക അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
രാജ്യത്തുടനീളമുള്ള ഭക്തരിൽ നിന്നും മറ്റ് വ്യക്തികളിൽ നിന്നും സംഭാവനകൾ ട്രസ്റ്റ് സ്വീകരിച്ചിരുന്നു. എന്നാൽ പ്രവാസികളിൽ നിന്ന് ഇതുവരെ ക്ഷേത്ര ട്രസ്റ്റ് ഫണ്ട് സ്വീകരിച്ചിരുന്നില്ല. ജൂൺ മാസത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് എഫ്‌സിആർഎ ലൈസൻസിന് അപേക്ഷിച്ചത്.















