ജെആർഎഫ്, എസ്ആർഎഫ് തുടങ്ങിയ ഫെലോഷിപ്പുകൾക്ക് പുതിയ തുക പ്രഖ്യാപിച്ച് യുജിസി. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, സീനിയർ റിസർച്ച് ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ എന്നിവയ്‌ക്ക് നൽകി വരുന്ന തുക വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ അറിയിച്ചത്. സെപ്റ്റംബർ 20-ന് നടന്ന 572-ാമത് യോഗത്തിലാണ് പുതുക്കിയ തുക അംഗീകരിച്ചത്.
ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് യുജിസി അറിയിച്ചു. പുതിയ ഫെലോഷിപ്പ് തുകകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ…
സയൻസ്,ഹ്യുമാനിറ്റീസ്, സാമൂഹ്യ ശാസ്ത്രം എന്നിവയിൽ ജെആർഫ് സ്വന്തമാക്കുന്നതിന് മുമ്പ് പ്രതിമാസം രണ്ട് വർഷത്തേക്ക് 31,000 രൂപയായിരുന്നു നൽകിയിരുന്നത്. ഈ തുകയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിർദ്ദേശാനുസരണം പ്രതിമാസം രണ്ട് വർഷത്തേക്ക് 37,000 രൂപയാകും നൽകുക. സയൻസ്, ഹ്യൂമാനിറ്റീസ്, സാമൂഹ്യ ശാസ്ത്രം എന്നിവയിൽ എസ്ആർഫ് സ്വന്തമാക്കുന്നതിന് മുമ്പ് പ്രതിമാസം 35,000 രൂപയായിരുന്നു നൽകിയിരുന്നത്. എന്നാൽ ശേഷിക്കുന്ന കാലയളവിലേക്ക് പ്രതിമാസം 42,000 രൂപയാകും നൽകുക.
സാവിത്രിഭായ് ജ്യോതിറാവു ഫുലെ ഫെലോഷിപ്പ് മുമ്പ് പ്രതിമാസം രണ്ട് വർഷത്തേക്ക് 31,000 രൂപയായിരുന്നു നൽകിയിരുന്നത്. എന്നാൽ പുതിയ തുക രണ്ട് വർഷത്തേക്ക് പ്രതിമാസം 37,000 രൂപയാണ് നൽകുന്നത്. ഡോ ഡിഎസ് കോത്താരി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ മുമ്പ് അനുവദിച്ചിരുന്ന തുക പ്രതിമാസം 54,000 രൂപയായിരുന്നു. പുതിയ തുക അനുസരിച്ച് കാലാവധി അവസാനിക്കും വരെ പ്രതിമാസം 67,000 രൂപ ലഭിക്കും.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ മുമ്പ് അനുവദിച്ചിരുന്നതിൽ നിന്നും തുക വർദ്ധിപ്പിച്ചിട്ടുണ്ട്. മുമ്പ് പ്രതിമാസം ആദ്യ വർഷം 47,000 രൂപയും രണ്ടാം വർഷം 49,000 രൂപയും മൂന്നാം വർഷവും 54,000 രൂപയുമായിരുന്നു നൽകിയിരുന്നത്. വർദ്ധിപ്പിച്ച തുക അനുസരിച്ച് പ്രതിമാസം ആദ്യ വർഷം 58,000 രൂപയും രണ്ടാം വർഷം 61,000 രൂപയും മൂന്നാം വർഷം 67,000 രൂപയുമാണ്. സ്ത്രീകൾ, എസ്സി/എസ്ടി, എന്നിവർക്കുള്ള ഡോ എസ് രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ മുമ്പ് അനുവദിച്ചിരുന്ന തുക പ്രതിമാസം ആദ്യ വർഷം 47,000, രണ്ടാം വർഷം 49,000, മൂന്നാം വർഷം മുതൽ പ്രതിമാസം 54,000 എന്നിങ്ങനെയായിരുന്നു. എന്നാൽ പുതിയതായി അനുവദിച്ചിരിക്കുന്ന തുക പ്രതിമാസം ആദ്യ വർഷം 58,000, രണ്ടാം വർഷം 61,000, മൂന്നാം വർഷം 67,000 എന്നിങ്ങനെയാകും നൽകുക.
യുജിസി പുറത്തുവിട്ട പുതിയ കരട് മാർഗ്ഗ നിർദ്ദേശം അനുസരിച്ച് ബിരുദ പ്രോഗ്രാമുകൾ ചെയ്യുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ഇന്റേൺഷിപ്പ് ചെയ്യേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ഇതിനുള്ള ക്രെഡിറ്റ് നൽകുമെന്നും യുജിസി അറിയിച്ചു. നാലാം സെമസ്റ്ററിന് ശേഷം 60 മുതൽ 120 മണിക്കൂർ വരെ ബിരുദ വിദ്യാർത്ഥികൾ ഇന്റേൺഷിപ്പ് നിർബന്ധമാക്കണമെന്നാണ് യുജിസി നിർദ്ദേശം.