ഈ വർഷാവസാനം രാജ്യത്ത് നടക്കുന്ന വിവാഹാഘോഷങ്ങളിൽ നിന്നായി വ്യാപാരികൾക്ക് കിട്ടുക കോടികൾ. 35 ലക്ഷത്തോളം വിവാഹങ്ങളാണ് ഈ വാർഷാവസാനം നടക്കാൻ സാധ്യതയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി). 4.25 ലക്ഷം കോടി രൂപ വിവാഹങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലൂടെ കമ്പോളത്തിൽ എത്തുമെന്നാണ് സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറയുന്നത്.
നവംബർ 23 നും ഡിസംബർ 15 നുമിടയിൽ ആയിരിക്കും കൂടുതൽ വിവാഹങ്ങൾ നടക്കുക. വരാനിരിക്കുന്ന ഉത്സവ, വിവാഹ സീസണുകളിലേക്കായി ആഭരണങ്ങൾ, സാരികൾ, ഫർണിച്ചറുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ എല്ലാം കണക്കുകൾ ഇതിൽ ഉൾപ്പെടുന്നു. പോയവർഷം വിവാഹ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പർച്ചൈസിലൂടെ വ്യാപാരികൾ നേടിയത് 3.75 ലക്ഷം കോടി രൂപയായിരുന്നു. സിഎഐടിയുടെ ഗവേഷണ സംഘം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. 35 നഗരങ്ങളിലായി 4,302 വ്യാപാരികളെ ഉൾപ്പെടുത്തിയാണ് സർവെ നടത്തിയത്.
ഇന്ത്യയിൽ നടക്കുന്ന ശരാശരി വിവാഹങ്ങളുടെ ചിലവ് അഞ്ച് ലക്ഷം രൂപയോളമാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, തീം വിവാഹങ്ങൾ, പരിസ്ഥിതി സൗഹൃദ വിവാഹങ്ങൾ എന്നിവയാണ് രാജ്യത്തെ പ്രിയപ്പെട്ട വിവാഹ ട്രെൻഡുകൾ. ഇതിൽ ഭാരതത്തിലെ പ്രധാന വിവാഹ കേന്ദ്രങ്ങൾ ഗോവ, ജയ്പൂർ, കേരളം, ഷിംല എന്നിവയാണ്. ഡിസംബറിന് ശേഷമാണ് വിവാഹങ്ങളുടെ അടുത്ത സീസൺ ആരംഭിക്കുന്നത്. ജനുവരി പകുതി മുതൽ ജൂലൈ വരെ സീസൺ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.















