ചെറിയ ദൂരത്തിലുള്ള യാത്രകൾ എളുപ്പത്തിലാക്കുന്നതിന് വേണ്ടി ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കാനൊരുങ്ങുന്ന വന്ദേ മെട്രോ അടുത്ത വർഷം ആദ്യം പ്രവർത്തനം ആരംഭിക്കും. വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവയുടെ നിർമ്മാണം. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കുറഞ്ഞ ദൂരത്തേക്ക് എയർകണ്ടീഷൻ ചെയ്ത യാത്രാ സൗകര്യമാണ് വന്ദേ മെട്രോയിലൂടെ ലഭ്യമാകുന്നത്.
300 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ മെട്രോ ട്രെയിനുകളുടെ രൂപീകരണം. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഐസിഎഫ് ജനറൽ മാനേജർ ബിജി മല്യ പങ്കുവെച്ചു. ആദ്യ വന്ദേമെട്രോ ട്രെയിനിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. 2024 ജനുവരിയിൽ ട്രെയിൻ പുറത്തിറക്കാനാണ് കോച്ച് ഫാക്ടറി ലക്ഷ്യം വെക്കുന്നതെന്ന് ഐസിഎഫ് ജനറൽ മാനേജർ പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസുകളുടെ എല്ലാ സവിശേഷതകളും ഇതിലും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വന്ദേ ചെയർ കാറിൽ മാത്രമാകും വ്യത്യാസമുണ്ടാകുക.
വന്ദേ മെട്രോയുടെ പ്രധാന സവിശേഷതകൾ ഇവയെല്ലാം…
- മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത
- പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകൾ
- ലൈറ്റ് വെയിറ്റ് കാർ ബോഡി, ലൈറ്റ് വെയിറ്റ് കുഷ്യൻ സീറ്റുകൾ
- ഓട്ടോമാറ്റിക് പ്ലഗ് ഇൻ ഡോറിന്റെ നാല് സെറ്റ്
- സിസിടിവി ക്യാമറകൾ
- റൂട്ട് ഇൻഡിക്കേറ്റർ ഡിസ്‌പ്ലേകൾ
- അലാം സംവിധാനം
- എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ്
- മൊബൈൽ ചാർജിംഗ് സംവിധാനം
- മോഡുലാർ ടൊയ്‌ലറ്റ്
- ലഗേജ് റാക്ക്















