തിരുവനന്തപുരം: കേരളീയം പരിപാടിയ്‌ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പേരിൽ ടെന്നീസ് ടൂർണമെന്റ് നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കോടികൾ ചിലവഴിച്ചാണ് സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പേരിൽ ടെന്നീസ് ടൂർണമെന്റ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനം.
സിഎംസ് കപ്പ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് എന്നാണ് പേര്. 40 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചു നൽകിയത്. അടുത്തിടെ സ്പീക്കറുടെ ഘാന സന്ദർശനത്തിനും 13 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് സർക്കാർ ദുഷ്പ്രചരണത്തിനായി ധൂർത്ത് നടത്തുന്നത്. സംസ്ഥാനത്തെ പൊതുകടം വർദ്ധിക്കുന്നത് ആശങ്കാജനകമായ അവസ്ഥയെന്നായിരുന്നു സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ കണ്ടെത്തൽ.
അതേസമയം കൂടുതൽ പണം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഈ നില തുടർന്നാൽ ഭാവിയിൽ വായ്പാ തിരിച്ചടവിനായി മാത്രം കടമെടുക്കേണ്ട സ്ഥിതിയുണ്ടാകും. സംസ്ഥാന സർക്കാരിന്റെ സ്ഥാപനം തന്നെ ഇത്തരത്തിലൊരു പഠനം നടത്തി മുന്നറിയിപ്പ് നൽകിയിട്ടും മുഖവിലയ്‌ക്കെടുക്കാതെ ധൂർത്ത് തുടരുന്നത് ഗുരുതരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.















