ഇസ്രായേൽ-ഹമാസ് യുദ്ധം 12-ാം ദിനം പിന്നിട്ടിരിക്കുകയാണ്. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും ഹമാസ് അക്രമം ആവർത്തിക്കുകയാണ്. മനുഷ്യമനസിനെ മരവിപ്പിക്കുന്ന കാഴ്ചയാണ് ഗാസയിലെ ആശുപത്രിയിൽ കണ്ടത്. 4000-ത്തോളം വരുന്ന ജീവനുകളെയാണ് പാലസ്തീൻ അനുകൂലികൾ ചുട്ടെരിച്ചത്. സുരക്ഷ ശക്തമാക്കി പ്രതിരോധം തീർക്കുന്ന ഇസ്രായേലിനെ ഹമാസ് അട്ടിമറിച്ചതിന് പിന്നിലെ കാരണമാണ് ചർച്ചയാകുന്നത്.
ആക്രമണം നടത്താനും പ്രവർത്തകർക്ക് ആയുധങ്ങൾ വിതരണം ചെയ്യാനും ഹമാസ് ഉപയോഗിക്കുന്ന രഹസ്യ കേന്ദ്രങ്ങളാണ് ടണലുകൾ. ആദ്യകാലം മുതൽക്കേ ഭൂഗർഭ യുദ്ധം നടന്നിരുന്നു. ഇതേ രീതി തന്നെയാണ് ഹമാസ് ഭീകരരും പിന്തുടരുന്നത്. പ്രതിരോധം തീർക്കുന്നതിനും കൂടുതൽ പേരെ വിന്യസിക്കുന്നതിനും ഇത്തരം ടണലുകളാണ് സഹായിക്കുന്നത്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിൽ ഏറെ ദുർഘടമായ രീതിയിലാണ് ഭൂഗർഭ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. കര, കടൽ, വ്യോമ മാർഗം വഴി യുദ്ധം നടത്തുന്നതിന് ഇത് സഹായിക്കുന്നു.
500 കിലോമീറ്റർ നീളമുള്ളതാണ് ഗാസയിലെ തുരങ്ക ശൃംഖല. 2021-ൽ ഈ തുരങ്കം ഇസ്രായേൽ പ്രതിരോധ സേന തകർത്തിരുന്നു. കേവലം അഞ്ച് ശതമാനം മാത്രമാണ് ഐഡിഎഫിന് നശിപ്പിക്കാൻ സാധിച്ചതെന്ന് ഹമാസ് നേതാവ് യഹ്യ സിൻവാർ അവകാശപ്പെട്ടിരുന്നു. ഗാസ മുനമ്പിലെ സങ്കീർണമായ നെറ്റ്‌വർക്ക് ടണലിന്റെ ചിത്രങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതാണ് ടണൽ ശൃംഖല.
2007-ലാണ് ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ നഗരത്തിനകത്തും ഗാസ-ഇസ്രായേൽ അതിർത്തിയിലും തുരങ്ക ശൃംഖലകൾ വികസിപ്പിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. കെട്ടുപിണഞ്ഞത് പോലെയുള്ള ഈ ശൃംഖലയെ ഇസ്രായേൽ സൈന്യം തുരങ്കങ്ങളെ ‘ഗാസ മെട്രോ’ എന്നാണ് വിളിക്കുന്നത്.
സിമന്റ് കൊണ്ട് നിർമ്മിച്ച വിശാലമായ സ്ഥലങ്ങളാണ് തുരങ്കത്തിനുള്ളിത്. വെളിച്ചത്തിനായി വമ്പൻ ലൈറ്റും മറ്റ് സംവിധാനവും തുരങ്കത്തിനുള്ളിലുണ്ട്. ആയുധങ്ങളും വെടികോപ്പുകളും മറയ്‌ക്കാനും സൂക്ഷിക്കാനുമായി വിശാലമായ സ്ഥലമാണ് നീക്കിവെച്ചിരിക്കുന്നത്. ഗാസയ്‌ക്ക് നൽകുന്ന മാനുഷിക സഹായങ്ങൾ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് ആധുനിക സൗകര്യങ്ങളുള്ള തുരങ്കങ്ങൾ. ഈ തുരങ്കങ്ങളുടെ വീഡിയോകൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.















