ആപ്പിളിന് വെല്ലുവിളി സൃഷ്ടിച്ച് രംഗപ്രവേശം നടത്തിയ ഗൂഗിളിന്റെ പിക്‌സൽ സീരിസ് ഫോണുകൾക്ക് പ്രചാരം വർദ്ധിക്കുകയാണ്. ഇതിന് പിന്നാലെ ‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ടെക് ഭീമന്റെ വാർഷിക ഇവന്റിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ജനങ്ങൾക്കായി ഇന്ത്യൻ നിർമിത പിക്‌സൽ ഫോണുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി വൻ സാധ്യതകളാണ് രാജ്യത്തുള്ളതെന്നും ഗൂഗിളിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ റിക്ക് ഓസ്റ്റർലോ പറഞ്ഞു. ഇത്തരമൊരു പദ്ധതി ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മെയ്‌ക്ക് ഇൻ ഇന്ത്യക്ക് കീഴിൽ പിക്‌സൽ ഫോണുകൾ നിർമ്മിക്കുന്നതിനായി ആഭ്യന്തര, അന്തർദേശീയ കമ്പനികളുമായി കൈകോർക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. വരുന്ന വർഷത്തോടെ മെയ്ഡ് ഇൻ ഇന്ത്യ പിക്സൽ ഫോണുകൾ പുറത്തിറക്കുമെന്നാണ് വിവരം.
Just announced at #GoogleForIndia: @rosterloh spoke about our plan to manufacture Pixel smartphones in India intending to start with the Pixel 8, and expecting these devices to start to roll out in 2024, joining India’s “Make in India” initiative.
For more:… pic.twitter.com/FznOzH8E8C— Google India (@GoogleIndia) October 19, 2023
നിക്ഷേപകർക്കും സംരംഭകർക്കും നിർമ്മാതാക്കൾക്കും ലോകോത്തര നിലവാരത്തിൽ വളരാനുള്ള സാഹചര്യം ഇന്ത്യയിലുണ്ട്. ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു. പിക്‌സൽ ഉപകരണങ്ങളുടെ പ്രധാന വിപണിയും ഭാരതം തന്നെയാണ്. ബിസിനസുകൾ അഭിവൃദ്ധിപ്പെടുന്നതിനും വളരുന്നതിനും നിരവധി അവസരങ്ങളാണ് സർക്കാർ നൽകുന്നതെന്നും റിക്ക് ഓസ്റ്റർലോ പറഞ്ഞു. അടുത്തിടെയാണ് പിക്‌സൽ 8 സീരിസിലെ സ്മാർട്ട്‌ഫോണുകൾ വിപണി കീഴടക്കാനായെത്തിയത്. വരുന്ന വർഷം പുതിയ സീരിസ് പുറത്തിറക്കുമെന്നാണ് വിവരം.