ടെൽ അവീവ്: ഇത് വെറും ഒരു യുദ്ധമല്ലെന്നും ആഗോള മനുഷ്യരാശിക്ക് വേണ്ടിയുള്ളതാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് ഞങ്ങളുടെ ഇരുണ്ട കാലമാണ്. ഇത് മുഴുവൻ ലോകത്തിനും ഇരുണ്ട കാലമാണെന്നും നമുക്ക് ഒരുമിച്ച് നിന്ന് വിജയിക്കണമെന്നും നെതന്യാഹു പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെയും ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന പോരാട്ടത്തെയും പിന്തുണയ്‌ക്കുന്നതായി ഋഷി സുനക് പറഞ്ഞു. പാലസ്തീനികൾ യഥാർത്ഥത്തിൽ ഹമാസിന്റെ ഇരകളാണ്. സാധാരണക്കാരുടെ സഹായത്തിനായി ഇസ്രായേൽ നിരവധി മാനുഷിക അവസരങ്ങൾ ഒരുക്കുന്നതിൽ സന്തോഷമുണ്ട്. ഇവയ്‌ക്കെല്ലാം ഉപരിയായി ഇസ്രായേൽ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. – ഋഷി സുനക് പറഞ്ഞു.
ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രായേലിനെ ആക്രമിക്കുകയായിരുന്നു. സാധാരണക്കാരെ കൊല്ലുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രായേൽ-പാലസ്തീൻ മേഖലയെ രൂക്ഷമായ സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രായേൽ അരിയിക്കുകയും പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു. ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 1,400-ലധികം ഇസ്രായേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്.















