കിടിലൻ ഫീച്ചർ എത്തി! ഗൂഗിൾ പേ വഴി ‘സാഷെ ലോണുകൾ’; ആർക്കൊക്കെ, എത്ര രൂപ വരെ വായ്പ ലഭിക്കും; അറിയേണ്ടതെല്ലാം

Published by
ജനം വെബ്‌ഡെസ്ക്

ഉപയോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പ പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളായ ഗൂഗിൾ പേ. ബാങ്കുകളും നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായി കൈകോർത്താണ് വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ‘സാഷെ ലോണുകൾ’ എന്ന പേരിലാണ് ഗൂഗിൾ പേ വായ്പ ലഭ്യമാക്കുക.

ഏഴ് ദിവസത്തിനും 12 മാസത്തിനും ഇടയിലുള്ള തിരിച്ചടവ് കാലാവധിയുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളാണ് സാഷെ ലോണുകൾ. ഗൂഗിൾ പേയിലെ ഇൻഡിഫൈയിലൂടെ തന്നെ വായ്പ ലഭിക്കുന്നതാണ്. ഗൂഗിൾ പേയുടെ പേമെന്റ് രസീത് ഡാറ്റ വഴിയാണ് ഇവ പ്രവർത്തിക്കുന്നത്. ഘഡുക്കളായി സാഷെ ലോണുകൾ തിരിച്ചടയ്‌ക്കാം. 111 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. നേരത്തെ റുപേ ക്രെഡിറ്റ് കാർഡ് ഫെസിലിറ്റി ആപ്പിൽ അവതരിപ്പിച്ചിരുന്നു ഗൂഗിൾ പേ. യുപിഐ മാർഗം ഇതുപയോഗിച്ച് ട്രാൻസാക്ഷൻ നടത്തുകയും ചെയ്യാം. പേയ്‌മെന്റ് സർവീസ് പ്രൊവൈഡർമാരായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവരുമായി സഹകരിച്ച് പുത്തൻ ഫീച്ചർ വ്യാപിപ്പിക്കാനാണ് ഗൂഗിൾ പേ ശ്രമിക്കുന്നത്.

പേഴ്‌സണൽ ലോണുകൾ നേരത്തെ തന്നെ ഗൂഗിൾ പേയിൽ ലഭ്യമാക്കിയിരുന്നു. ഈ സർവീസാണ് ഇപ്പോൾ വിപുലീകരിച്ചത്. ആക്സിസ് ബാങ്കിന്റെ പേഴ്സണൽ ലോണുകളും ഗൂഗിൾ പേ വഴി ലഭ്യമാവും. ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പദ്ധതിയും ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ മെർച്ചന്റ് സെന്റർ നെക്സ്റ്റ് സംവിധാനം സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉപകരിക്കും.

Share
Leave a Comment