ന്യൂഡൽഹി: അത്യാധുനിക സജ്ജീകരണങ്ങളോടെ യുദ്ധ വിമാനങ്ങൾക്ക് പുത്തൻ ശക്തി പകരാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ നവീകരിക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്. തദ്ദേശീയമായി നിർമ്മിച്ച ആയുധ സംവിധാനങ്ങളും വിരുപാക്ഷ എന്ന റഡാറും ഉപയോഗിച്ചാണ് സുഖോയ് യുദ്ധവിമാനങ്ങൾ നവീകരിക്കുന്നത്.
നവീകരിച്ച സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരിക്കും വിരുപാക്ഷ റഡാർ. ഇത് യുദ്ധവിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. നിലവിൽ 250-ലധികം സുഖോയ് യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളത്.
വിവിധ മേഖലകളിലെ വ്യോമസേനയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് തദ്ദേശീയമായാണ് വിരുപാക്ഷ റഡാർ വികസിപ്പിച്ചെടുക്കുന്നത്. ലോകമെമ്പാടുമുള്ള മറ്റ് സുഖോയ് വിമാനങ്ങളിലുള്ള റഡാർ സംവിധാനങ്ങളെ അപേക്ഷിച്ച് ഇത് ഏറ്റവും മികവുറ്റതാണെന്ന് വ്യോമസേന വ്യക്തമാക്കി.
ആസ്ത്ര ലോഗ് റേഞ്ച് എയർ-ടു-എയർ മിസൈൽ , ബ്രഹ്‌മോസ് എയർ ലോഞ്ച്ഡ് മിസൈൽ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന മൾട്ടി-റോൾ യുദ്ധവിമാനമാണ് സുഖോയ്- 30 എംകെഐ.















