ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പരാതിയുമായി മുൻ സുഹൃത്തും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി. തന്റെ വളർത്തു നായയെ മൊയ്ത്ര തട്ടിക്കൊണ്ടു പോയി എന്നും തിരികെ വേണമെന്നുമാണ് ഡൽഹി പോലീസിൽ മുൻ സുഹൃത്ത് പരാതി നൽകിയിരിക്കുന്നത്. നായയുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയാണ് അനന്ത് ദേഹാദ്രായി പരാതി നൽകിയിരിക്കുന്നത്.
മൂന്ന് വയസ്സുള്ള റോട്ട്‌വീലറിനെയാണ് മഹുവ മൊയ്‌ത്ര തട്ടിക്കൊണ്ടു പോയിരിക്കുന്നത്. 2021 ജനുവരിയിൽ ജനക്പുരിയിൽ എബി ബഹുഗുണ എന്നയാളിൽ നിന്ന് 75,000 രൂപയ്‌ക്കാണ് ഹെൻറി എന്ന നായക്കുട്ടിയെ അനന്ത് വാങ്ങിയത്. ആദ്യം10,000 രൂപയും പിന്നെ, 65,000 രൂപയും വച്ച് രണ്ട് തവണകളായാണ് പണം നൽകിയത്. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്.
തന്നെ മാനസികമായി തളർത്താൻ ഹെൻറിയെ തന്നിൽ നിന്നും അകറ്റുകയാണ് മൊയ്ത്ര. ഹിരാനന്ദാനി ഗ്രൂപ്പുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) നൽകിയ പരാതി പിൻവലിച്ചാൽ ഹെൻറിയെ തിരികെ നൽകാമെന്ന് മൊയ്ത്ര പറഞ്ഞുവെന്നും അനന്ത് ദേഹാദ്രായി പറഞ്ഞു. എന്നാൽ, ഹെൻറി തന്റേതാണെന്നാണ് മൊയ്‌ത്രയുടെ അവകാശവാദം.















