ന്യൂഡൽഹി : ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഡൽഹി മെട്രോയിൽ RK പുരം മുതൽ മജന്ത ലൈനിലെ ഓഖ്‌ല NSIC മെട്രോ സ്‌റ്റേഷൻ വരെയാണ് അദ്ദേഹം യാത്ര ചെയ്തത് . ഡൽഹി മെട്രോയിലെ തന്റെ ആദ്യ യാത്ര ആസ്വാദ്യകരമായ അനുഭവമായിരുന്നുവെന്നും എറിക് പറഞ്ഞു.
‘ വൗ! ഡൽഹി മെട്രോ, നിങ്ങൾ യാത്ര വളരെ എളുപ്പമാക്കുന്നു! ഡൽഹി മെട്രോയിൽ ആദ്യമായി യാത്ര ചെയ്യാനും സഹയാത്രികരെ കാണാനും എനിക്ക് സമയം ലഭിച്ചു . ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നായ, നന്നായി പരിപാലിക്കപ്പെടുന്നതും കാര്യക്ഷമവുമായ പൊതുഗതാഗത സംവിധാനം ‘ എന്നാണ് ഡൽഹി മെട്രോയെ കുറിച്ച് ഗാർസെറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചത് .
യാത്രാവേളയിൽ അദ്ദേഹം യാത്രക്കാരുമായി അടുത്ത് ഇടപഴകുകയും , ചിത്രങ്ങൾ എടുക്കുകയും മെട്രോ സംവിധാനത്തെ അഭിനന്ദിക്കുകയും ചെയ്തു.
“കൂടുതൽ സമാധാനപരമായ ഒരു ലോകത്തിനായി അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ 100 വർഷത്തിനുള്ളിൽ മാറിയതിനേക്കാൾ കൂടുതൽ അടുത്ത അഞ്ചോ പത്തോ വർഷങ്ങളിൽ ലോകം മാറും. ഇന്ത്യയിലെയും, അമേരിക്കയിലെയും ജനങ്ങൾക്ക് സമാധാനത്തിലേക്കുള്ള കൂടുതൽ വഴികൾ കണ്ടെത്താൻ കഴിയും,” അദ്ദേഹം പറഞ്ഞു.















