മസ്‌ക്കറ്റ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാനിലെ ദ്വിദ്വിന സന്ദർശനം പൂർത്തിയാക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ സാമ്പത്തിക മന്ത്രി അൽ സാഖ്രിയുമായി ഇന്ത്യ-ഒമാൻ ഉഭയകക്ഷി ചർച്ചകൾ നടത്തിയ കേന്ദ്രമന്ത്രി, തൊഴിൽ മന്ത്രി മഹദ് ബിൻ സെയ്ദ് ബവോയ്‌നുമായി ഇന്ത്യൻ തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും തൊഴിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. കൂടാതെ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അൽ-ഹാർത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി, പ്രദേശിക വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ‘ ഇന്ത്യൻ ഓൺ ക്യാൻവാസ്: മാസ്റ്റർപീസ് ഓഫ് മോഡോൺ ഇന്ത്യൻ പെയിന്റിംഗ്’ എന്ന പ്രശസ്തമായ കലാ സൃഷ്ടികളുടെ പ്രദർശനം വി. മുരളീധരൻ ഉദ്ഘാടനം ചെയ്തിരുന്നു. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ശേഖരത്തിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 20 കലാസൃഷ്ടികളുടെ ശേഖരമാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണത്തിന്റെ നാഴികക്കല്ലാണ് പ്രദർശനമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്‌ക്കറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും ലേബർ ക്യാമ്പിലെ ഇന്ത്യൻ തൊഴിലാളികളെ കാണുകയും ചെയ്തു. മസ്‌ക്കറ്റിലെ ചരിത്ര പ്രസിദ്ധമായ ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കും സന്ദർശിച്ചു.













