ചെന്നൈ : നിരോധിത ഭീകര സംഘടനയായ അൽ-ഉമ്മയുടെ സ്ഥാപകനും 1998ലെ കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളുമായ എസ്‌എ ബാഷയ്‌ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും കിടപ്പിലായെന്നും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എസ് എസ് സുന്ദർ , ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരുടെ ബെഞ്ച് 3 മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ തീരുമാനിച്ചത്. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ലോക്കൽ പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ബാഷായോട് നിർദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അയാളുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന അധികാരികളോട് കോടതി നിർദ്ദേശിച്ചു, ലോക്കൽ പോലീസ് സ്റ്റേഷനെ രേഖാമൂലം അറിയിക്കാതെ തമിഴ്നാട് സംസ്ഥാനം വിടരുതെന്ന് ബാഷയോട് ആവശ്യപ്പെട്ടു.
1998 ഫെബ്രുവരി 14 ന് സ്ഫോടന പരമ്പരയ്‌ക്ക് ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 13 ഇസ്ലാമിക ഭീകരരിൽ ഒരാളായിരുന്നു ബാഷ.
ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് 3.50ന് ആർഎസ് പുരത്തെ ഷൺമുഖം റോഡിൽ അന്നത്തെ ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ എൽ.കെ. അദ്വാനി പ്രസംഗിക്കാനിരുന്ന തിരഞ്ഞെടുപ്പ് യോഗത്തിന്റെ വേദിയിൽ നിന്ന് 100 മീറ്റർ അകലെയാണ് സീരിയൽ ബോംബുകളിൽ ആദ്യത്തേത് പൊട്ടിത്തെറിച്ചത്. അടുത്ത 40 മിനിറ്റിനുള്ളിൽ, വെസ്റ്റ് സംബന്ധം റോഡ്, ഉക്കടത്ത് ഗനി റൗതർ സ്ട്രീറ്റ്, ബിഗ് ബസാർ സ്ട്രീറ്റിലെ ടെക്സ്റ്റൈൽ ഷോറൂം, ഗാന്ധിപുരത്ത് പ്രധാന ബസ് സ്റ്റാൻഡിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സ്, കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. , കോയമ്പത്തൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ (CMCH),ബിജെപി പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള VKK മേനോൻ റോഡിലെ ഒരു ട്രാവൽ ഏജൻസി, ഒപ്പനക്കാര സ്ട്രീറ്റിലെ ഒരു ജ്വല്ലറി, ശിവാനന്ദ കോളനിക്ക് സമീപം രത്നപുരിയിലെ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസ്, കുറിച്ചികുളത്തെ ഒരു ക്ഷേത്രം.എന്നിവിടങ്ങളിലും സ്ഫോടനം നടന്നു. ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഈ സ്ഫോടന പരമ്പരയിൽ അറുപതോളം നിരപരാധികൾ മരിക്കുകയും ഇരുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭീകര സംഘടനാ നേതാവ് ബാഷക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രാജ് തിലക് ബോധിപ്പിച്ചു. പ്രതി എസ്‌എ ബാഷയുടെ മകൾ ബി മുബീനയാണ് ജാമ്യ ഹർജി സമർപ്പിച്ചത്.
കേസിലെ ജീവപര്യന്തം തടവുകാരായ ചിലരുടെ ജാമ്യം അടുത്തിടെ സുപ്രീം കോടതി നിഷേധിച്ചിരുന്നു. പ്രതികൾ 25 വർഷത്തോളമായി ജയിലിൽ കഴിഞ്ഞെങ്കിലും 58 പേർക്ക് ആക്രമണത്തിൽ ജീവൻ നഷ്ടമായെന്നും ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.















