തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടി മിന്നലോട് കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദത്തെ തുടർന്ന് ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് പ്രവചനം.
ആലപ്പുഴ ജില്ലയില്‍ രാത്രിയിൽ തുടങ്ങിയ ഇടി മിന്നലോട് കൂടിയ മഴയ്‌ക്ക് ശമനമുണ്ടെങ്കിലും വരും മണിക്കൂറുകളില്‍ മഴ ശക്തമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതേതുടർന്ന് അടുത്ത മൂന്നു മണിക്കൂറില്‍ ജില്ലയില്‍ യെല്ലോ അലർട്ട് പ്രതീക്ഷിക്കാവുന്നതാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയിൽ ആലപ്പുഴയിലും കായംകുളത്തും കനത്ത മഴയാണ് ലഭിച്ചത്. കാലാവസ്ഥ നിരീക്ഷകരുടെ കണക്ക് പ്രകാരം ആലപ്പുഴയില്‍ ഒരു മണിക്കൂറില്‍ 41 എംഎം മഴയും കായംകുളത്ത് ഒന്നേകാല്‍ മണിക്കൂറില്‍ 72 എംഎം മഴയും ലഭിച്ചു.
അതേസമയം അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളില്‍ തേജ് ചുഴലിക്കാറ്റായി മാറും. തുടർന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് 24ന് ഒമാന്‍, യെമന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിൽ ബംഗാള്‍ ഉള്‍ക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുനമര്‍ദ്ദമായി മാറി പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതേതുടർന്ന് തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് പ്രകാരം തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.















