ബെംഗളൂരു: സാമ്പാറിൽ എരിവ് കൂടിയെന്ന് പറഞ്ഞതിന് പിതാവിനെ മകൻ തല്ലിക്കൊന്നു. കുടകിന് സമീപം വിരാജ്‌പേട്ടിലാണ് സംഭവം. ഗ്രാമവാസിയായ സി കെ ചിട്ടിയപ്പനെയാണ് (63) കൊലപ്പെടുത്തിയത്. താൻ ഉണ്ടാക്കിയ സാമ്പാറിന് എരിവ് കൂടുതലാണെന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകനായ ദർശൻ തമ്മയ്യയെ (38) പോലീസ് അറസ്റ്റ് ചെയ്തു.
ചിട്ടിയപ്പയുടെ ഭാര്യ മരിച്ച ശേഷം ഇയാൾ മക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം മൂത്തമകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഇളയ മകനായ ദർശൻ ആയിരുന്നു ഭക്ഷണം പാചകം ചെയ്തത്. ഭക്ഷണത്തിന് സ്വാദില്ലെന്നും എരിവ് കൂടുതലാണെന്നും ചിട്ടിയപ്പൻ പരിഹസിച്ചത് ഇഷ്ടപ്പെടാതെ വന്നപ്പോഴായിരുന്നു പ്രതി പിതാവിനെ മർദ്ദിച്ചത്.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചിട്ടിയപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് മകനെ വിരാജ്‌പേട്ട റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.















