തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈക്കോകളിൽ വിറ്റുവരവിൽ വൻ ഇടിവ്. ശരാശരി 10 കോടിയായിരുന്ന വിറ്റുവരവാണ് 3.36 കോടി രൂപയിലേക്ക് ചുങ്ങിയത്. മിക്ക ഔട്ട്‌ലെറ്റുകളിലും അരി അല്ലാതെ മറ്റു സാധനങ്ങളൊന്നുമില്ലെന്ന പരാതിയും ഏറെ നാളുകളായി നിലനിൽക്കുന്നുണ്ട്. 1525 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ മാത്രമായി സർക്കാർ സപ്ലൈക്കോകൾക്ക് കൊടുക്കാനുള്ളത്. ഭക്ഷ്യോത്പന്നങ്ങൾ വാങ്ങിയ വകയിൽ സപ്ലൈയർമാർക്ക് കഴിഞ്ഞ മേയ് മാസം മുതലുള്ള തുക കുടിശ്ശികയായി നിൽക്കുകയാണ്.
അതേസമയം ഓണത്തിനു മുന്നേ സപ്ലൈക്കോയിൽ മിക്ക സാധനങ്ങളും തീർന്നിട്ടുണ്ടായിരുന്നു. പ്രതി മാസം ആന്ധ്രാപ്രദേശിൽ നിന്നും വരുത്തിയിരുന്ന വറ്റൽ മുളകിന്റെ വരവ് നിലച്ചതോടെ മിക്ക ഔട്ട്‌ലെറ്റുകളിലും ഇപ്പോൾ വറ്റൽ മുളക് കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് സപ്ലൈക്കോ ജീവനക്കാർ അറിയിച്ചു. ഓണക്കാലത്ത് ഒരു കിലോയ്‌ക്ക് പകരം കാൽകിലോ മുളകാണ് സബ്‌സിഡിയായി നൽകിയിരുന്നത്. ഇതിനുപുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയിരുന്ന 1000 ടൺ തൂവരപരിപ്പും 500 ടൺ ആക്കി ഈ മാസം കുറച്ചു. കൂടാതെ പഞ്ചസാര, ചെറുപയർ, ഉഴുന്ന് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾക്കെല്ലാം ദൗർലഭ്യത നേരിടുകയാണ് മിക്ക സപ്ലൈക്കോകളും. ഓണക്കാലത്ത് രണ്ടു തവണയായി കൊടുത്ത 140 കോടികൊണ്ടാണ് ഓണം ഫെയറുകൾ സംഘടിപ്പിച്ചതെന്ന് ജീവനക്കാർ അറിയിച്ചു.















