ഗാസ : ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം 15-ാം ദിവസവും തുടരുകയാണ്. ഗാസയിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം തുടർച്ചയായി ആക്രമണം നടത്തുകയാണ്. അതേസമയം, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും പാലസ്തീനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി.
മെഹബൂബ മുഫ്തി ശ്രീനഗറിൽ തെരുവിലിറങ്ങി പാലസ്തീൻ പതാകയും ഉയർത്തിയാണ് പ്രതിഷേധിച്ചത് . ഇസ്രായേലിനെ എതിർക്കുകയും പാലസ്തീനെ പിന്തുണക്കുകയും ചെയ്യുന്ന മുഫ്തിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട് . എന്നാൽ, പ്രകടനത്തിലുടനീളം ഹമാസ് ഭീകരർക്കെതിരെ ഒരു വാക്കു പോലും മെഹബൂബ മുഫ്തി ഉയർത്തിയില്ല .
പലസ്തീന്റെ പതാകയും പിടിച്ച് റോഡിലിരുന്ന് അവർ പ്രതിഷേധിക്കുകയായിരുന്നു . ഇസ്രായേൽ ഗോ ബാക്ക് എന്ന മുദ്രാവാക്യവും ഉയർത്തി . പാലസ്തീനെ അടിച്ചമർത്തുന്നതിൽ നിന്ന് ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ, അനന്തരഫലങ്ങൾ അപകടകരമായിരിക്കും. ലോകം മുഴുവൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തുകയും വെടിനിർത്തൽ നടപ്പാക്കുകയും വേണം.- മെഹബൂബ മുഫ്തി പറഞ്ഞു.
ഇത് മാത്രമല്ല, പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകർ പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി.















