കോഴിക്കോട്: പത്തുമാസത്തെ ഇടവേളയ്‌ക്ക് ശേഷം കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം ഈ മാസം 28 ന് പ്രവർത്തനം ആരംഭിക്കും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ പകൽസമയത്തെ വിമാനസർവീസുകളുടെ നിയന്ത്രണം ഇതോടെ പൂർണമായും ഇല്ലാതാകും. രാവിലെ പത്ത് മണി മുതൽ ആറു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
റൺവേ റീകാർപെറ്റിങ്ങും ഗ്രേഡിങ്ങും പൂർത്തിയായതിനെത്തുടർന്ന് സെപ്റ്റംബർ മാസത്തിൽ പകൽ സയത്തെ നിയന്ത്രണം നീക്കിയിരുന്നു. എന്നാൽ, ശൈത്യകാല ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതുവരെ വിമാനക്കമ്പനികൾ സർവ്വീസ് സമയം പരിഷ്കരിച്ചിരുന്നില്ല. 8-ന് ശൈത്യകാല ഷെഡ്യൂൾ നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാകും.
ജനുവരിയിൽ റീ കാർപെറ്റിങ് പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി 11 മാസത്തേക്കാണ് റൺവേയിൽ പകൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപയ്‌ക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. റീ കാർപെറ്റിങ്ങിനൊപ്പം സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവയും നടപ്പാക്കിയിരുന്നു.
കഴിഞ്ഞ ജൂണിൽത്തന്നെ റൺവേ റീ കാർപെറ്റിങ് പൂർത്തിയായിരുന്നു. റൺവേയിലെ ടാറിങ്ങിന് സമമായി വശങ്ങളിൽ മണ്ണിട്ടു നികത്തുന്ന ഗ്രേഡിങ് പ്രവൃത്തി നീണ്ടുപോയി. മണ്ണു ലഭിക്കുന്നതിനുള്ള ക്ഷാമവും മഴകാരണം പ്രവൃത്തി നിലച്ചതുമെല്ലാമാണ് ഗ്രേഡിങ് നീളാൻ കാരണം. എങ്കിലും ഒക്ടോബർ ആദ്യത്തോടെ പ്രവൃത്തി പൂർത്തിയായതോടെ റൺവേ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞിരുന്നു. പകൽ നിയന്ത്രണം സംബന്ധിച്ച് നോട്ടാം (നോട്ടീസ് ടു എയർമാൻ) 28-ന് പിൻവലിക്കുന്നതോടെ വിമാനത്താവളം 24 മണിക്കൂർ പ്രവർത്തിക്കും. നിലവിൽ റൺവേ പകലും തുറന്നിട്ടുണ്ടെങ്കിലും നോട്ടാം നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതി വാങ്ങിയാണ് വിമാനങ്ങൾ ഇറങ്ങി വരുന്നത്.