നടൻ പൃഥ്വിരാജിനെതിരെ വീണ്ടും തുറന്നടിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. നേരത്തെ പൃഥ്വിരാജ് തന്നെ സിനിമയിൽ നിന്ന് മാറ്റാൻ ഇടപെട്ടുവെന്ന് കൈതപ്രം പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നലെയാണ് വീണ്ടും നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ലെന്നും മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും തനിക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കൈതപ്രം തുറന്നടിച്ചു. ഒരു പ്രമുഖമാദ്ധ്യത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പണ്ട് ദേവരാജൻ മാസ്റ്റർ തന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. യേശുദാസിന്റെ ഒരേയൊരു തെറ്റ്, അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണത്. എന്നാൽ അതുപോലെ തന്റെ കഴിവും തനിക്കറിയാമെന്നും താൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് തപസ്സും സമർപ്പണവും വഴിയാണെന്നും കൈതപ്രം പറഞ്ഞു. ഇന്നത്തെ മലയാള സിനിമയിലെ പുതിയ തലമുറയ്ക്ക് നല്ല ഗാനങ്ങൾ തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
നേരത്തെ ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ തന്നെ പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി എന്നാണ് കൈതപ്രത്തിന്റെ ആരോപണം. ’72 വയസായ താൻ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് എന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ എന്നും എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണെന്നുമാണ് കൈതപ്രം അന്ന് പറഞ്ഞത്.