ടെൽ അവീവ്: ഹമാസ് ഭീകര സംഘടനയുടെ മുതിർന്ന നേതാവ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. റീജിയണൽ ആർട്ടിലറി വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ് ആയ മുഹമ്മദ് കടമാഷിനെയാണ് ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ഹമാസിന്റെ സെൻട്രൽ ക്യാമ്പ് ബ്രിഗ്രേഡിൽ പീരങ്കി വിഭാഗത്തിന്റേത് ഉൾപ്പെടെയുള്ള മേൽനോട്ടം വഹിച്ചിരുന്നത് കടമാഷാണ്. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്കാളിയായിരുന്നു ഇയാളെന്ന് ഐഡിഎഫ് വ്യക്തമാക്കി.
ഹമാസിന്റെ റോക്കറ്റ് ഫയറിംഗ് സ്‌ക്വാഡ് തലവനും കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഗാസയിൽ അതിർത്തി മേഖലയ്‌ക്ക് സമീപം ഐഡിഎഫ് ശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു. ഹമാസിന്റെ ആയുധങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രവും ഐഡിഎഫ് തകർത്തു. ഹമാസിന്റെ ആക്രമണം രണ്ട് ആഴ്ച പിന്നിടുമ്പോൾ ഒരു ഹമാസ് ഭീകരനെ പിടികൂടിയതായി ഇസ്രായേൽ സുരക്ഷാ ഏജൻസിയും അറിയിച്ചിട്ടുണ്ട്.
ഹമാസിന്റെ നുഖ്ബർ കമാൻഡോ സേനയിലെ അംഗമാണ് പിടിയിലായ ഭീകരൻ. ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ സംഘത്തിലുണ്ടായിരുന്ന ഇയാളെ തിരികെ മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. പിടികൂടിയ സമയത്ത് അവശനിലയിലായിരുന്നു ഇയാളെന്നും സുരക്ഷാ സേനാംഗങ്ങൾ വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലുകൾക്കായി ഇയാളെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.















