കോട്ടയം: നവരാത്രി ആഘോഷ നിറവിൽ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം. നാളെ വിദ്യാരംഭ ചടങ്ങിൽ 25000ത്തോളം കുരുന്നുകൾ ഹരിശ്രീ കുറിക്കും. ഭക്തജന സഹസ്രങ്ങളാണ് പനച്ചിക്കാട് ക്ഷേത്രത്തിലെത്തി ദിനംപ്രതി ദർശന പുണ്യം നേടുന്നത്.
ക്ഷേത്രത്തിലെ പൂജ വയ്പ്പ് ചടങ്ങുകൾ ഇന്നലെ സരസ്വതി നടയിൽ ഭക്തിപൂർവ്വം നടന്നു. ഇതിന് മുന്നോടിയായി വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള ഗ്രന്ഥമെഴുന്നള്ളിപ്പ് ഘോഷയാത്രയും ആഘോഷപൂർണ്ണമായി. സരസ്വതി സന്നിധിയിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ ഗ്രന്ഥങ്ങൾ പൂജ വച്ചു. സരസ്വതിനടയിൽ വെള്ളി അങ്കി സമർപ്പണവും നടന്നു .
നാളെ പുലർച്ചെ രണ്ട് മണി മുതൽ പൂജയ്‌ക്ക് വെച്ച ഗ്രന്ഥങ്ങൾ എടുക്കും. നാലുമണി മുതൽ വിദ്യാരംഭത്തിനും തുടക്കമാകും. 25000ത്തോളം കുരുന്നുകൾ വൈകീട്ട് വരെ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ ഹരിശ്രീ കുറിക്കും.