കോഴിക്കോട്; യുവതലമുറയ്‌ക്ക് കലയിലേക്ക് എത്തിച്ചേരുവാനുള്ള വഴികാട്ടിയായി തപസ്യ മാറുന്നത് മാതൃകാപരമാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരിഹരൻ. തപസ്യ പുതുതലമുറയ്‌ക്ക് കലയുടെ പുതിയ വാതായനങ്ങൾ തുറന്ന് നൽകുന്നതായും പുതിയ അറിവുകൾ പുത്തൻ തലമുറയ്‌ക്ക് പകർന്നു നൽകാൻ തപസ്യയ്‌ക്ക് സാധിക്കുന്നുവെന്നും ഹരിഹരൻ പറഞ്ഞു. 34ാ-മത് തപസ്യ കടലുണ്ടി നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസമാണ് പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ തപസ്യ കടലുണ്ടി നവരാത്രി സംഗീതോത്സവത്തിന് തുടക്കമായത്. പ്രശസ്ത ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. മൂന്നുദിവസമാണ് നവരാത്രി സംഗീതോത്സവം.
മഹാനവമി ദിവസമായ ഇന്ന് സംഗീത മത്സര ഇനങ്ങളുൾപ്പെടെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ തപസ്യ കടലുണ്ടി സെക്രട്ടറി മോഹൻദാസ് പാലക്കാടൻ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് ഗീതാ സുധീർ ആമുഖഭാഷണവും നടത്തി. സ്വാഗത സംഘം ചെയർമാൻ ഓലശേരി ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ട്രഷറർ അനൂപ് കുന്നത്ത്, കെ.ടി. രാമചന്ദ്രൻ, സുബ്രഹ്‌മണ്യൻ ഊരാളത്ത്, കൃഷ്ണൻ കാക്കാതിരുത്തി തുടങ്ങിയവർ സംസാരിച്ചു. സംഗമം ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വം വഹിച്ച സംഗീത കച്ചേരിയും പരിപാടിയിൽ അരങ്ങേറി.















