ലക്നൗ: സനാതന ധർമ്മം എല്ലായ്പ്പോഴും രാജ്യത്തിന്റെയും ജനങ്ങളുടേയും ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശാരദാ നവരാത്രിയിലെ മഹാ ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.’ സനാതന ധർമ്മം എല്ലായിപ്പോഴും ദുഷ്ട ശക്തികളുടെ വെല്ലുവിളികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുമാണ് പ്രവർത്തിക്കുന്നത്.
നാളെ വിജയദശമി ഉത്സവമാണ്. ഇത് ധർമ്മത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും വിജയത്തിന്റെയും ഉത്സവമാണ്. എല്ലാ കാലഘട്ടത്തിലും ദുഷ്ടശക്തികൾ സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിച്ചപ്പോഴെല്ലാം ആ വെല്ലുവിളികൾ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മാനവികതയിലേയ്‌ക്കുള്ള വഴിയായും സനാതന ധർമ്മം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരദാ നവരാത്രിയിലെ മഹാ ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജയിൽ പങ്കെടുത്ത അദ്ദേഹം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ ആചാരപ്രകാരം മഹാഗൗരിയെ പൂജിച്ച് ഹവനം നടത്തുകയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഗോരക്ഷപീഠാധീശ്വർ എന്ന ആധ്യാത്മിക പദവി വഹിക്കുന്ന യോഗി ആദിത്യനാഥ് എല്ലാ നവരാത്രിക്കാലത്തും ഈ ആചാരപരമായ കടമ നിർവഹിക്കാറുണ്ട്. മഹാനിശ പൂജയ്‌ക്കും ഹവനത്തിനും ശേഷം ആരതിയും പാപമോചന പ്രാർത്ഥനയും നടത്തി അദ്ദേഹം അഷ്ടമി പൂജ പൂർത്തിയാക്കി.
ശാരദിയ നവരാത്രിയുടെ മഹാനവമിയായ ഇന്ന് അദ്ദേഹം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ ദുർഗ്ഗാദേവിയുടെ ഒമ്പതാം രൂപമായ സിദ്ധിദാത്രിയെ പൂജിക്കും.ഒൻപത് ദേവതമാരുടെയും പ്രതീകങ്ങളായി ഒമ്പത് പെൺകുട്ടികളെയും ഒരു ഭൈരവനെയും അവരുടെ പാദങ്ങൾ കഴുകിആരാധിക്കുകയും ദക്ഷിണയും സമ്മാനങ്ങളും നൽകുകയും ചെയ്യും.















