ചണ്ഡീഗഡ്: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയിലാണ് സംഭവം. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ജോഗിന്ദർ ദേശവാളാണ് (52) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ദേശവാളിനെ ഉടൻ തന്നെ കർണാളിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാളിലെ ന്യായ്പുരി സ്വദേശിയാണ് അദ്ദേഹം.
വ്യായാമത്തിനിടെ മരണം സംഭവിക്കുന്ന വാർത്തകൾ ഈയടുത്ത കാലത്തായി ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ ഉൾപ്പടെ നിരവധി പേരാണ് ജിമ്മിലെ വ്യായാമത്തിനിടെ ജീവൻ വെടിഞ്ഞത്. നിത്യേനയുള്ള വ്യായാമം ഗുണകരമാണെങ്കിലും അമിത വ്യായാമം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇതിനു പുറമേ പ്രോട്ടീൻ പൗഡറുകളുടെ അമിത ഉപയോഗവും ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ ആഹാരശൈലികളിൽ വന്ന വ്യത്യാസവും 50ന് വയസിന് താഴെയുള്ളവരിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കാൻ ഇടയായിട്ടുണ്ട്.