ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. അറിവിന്റെ ലോകത്തേക്ക് അക്ഷര പൂജയുടെ പുണ്യവുമായി കുരുന്നുകൾ ഹരിശ്രീ കുറിക്കും. വിജയദശമി ദിവസമായ ഇന്ന് വിദ്യാരംഭത്തോടെ പൂജയെടുക്കും.
ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധര്‍മ്മത്തെ തകര്‍ത്ത് ധര്‍മ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുര്‍ഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ള ക്ഷേത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. പൂജപ്പുര സരസ്വതി ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ രാവിലെ 8 ന് പന്തീരടി പൂജയ്‌ക്കും, സരസ്വതി പൂജയ്‌ക്കും ശേഷമാണ് വിദ്യാരംഭത്തിന് കുരുന്നുകളെ എഴുത്തിനിരുത്തുക. കിഴക്കേ നടപ്പുരയിൽ പ്രത്യേകം സജ്ജീകരിച്ച മണ്ഡപത്തിൽ കീഴ്ശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ 11 ഗുരുക്കന്മാർ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കും. പൂജയെടുപ്പിന് ശേഷം വേദിയിൽ വിവിധ കലാപരിപാടികളും നടക്കും. പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ മേൽശാന്തിയുടെ നേതൃത്വത്തിൽ പൂജയെടുപ്പ് ആരംഭിച്ചു. ശ്രീകോവിലിൽ നിന്ന് സരസ്വതി ചൈതന്യം നാലമ്പലത്തിന് പുറത്തേക്ക് എഴുന്നള്ളിച്ച ശേഷം വിദ്യാരംഭത്തിന് തുടക്കമാകും.ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വിദ്യാരംഭ മണ്ഡപത്തിലാണ് എഴുത്തിനിരുത്ത്. മൂവായിരത്തോളം കുരുന്നുകൾ ഇവിടെ ആദ്യാക്ഷരം കുറിക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മാതൃകയിൽ കേരളത്തിലുള്ള ഏക ക്ഷേത്രമാണ് പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രം.