ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിച്ച് തീരുമാനം എടുക്കുമെന്ന് പ്രമേയം പാസാക്കി ദിവസങ്ങൾ പിന്നിടുമ്പോഴും എങ്ങും എത്താതെ ഇൻഡി സഖ്യത്തിന്റെ സീറ്റ് വിഭജനം. 53 ദിവസം മുൻപാണ് മുംബൈയിൽ നടന്ന യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന ചർച്ചകളിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായതിനാൽ മറ്റ് ഘടകകക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് മുൻതൂക്കം ലഭിക്കുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഐക്യത്തിന് ഭീഷണിയുണ്ടാകാത്ത രീതിയിൽ പൊതു സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക എന്നതാണ് ഇൻഡി സഖ്യത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. സംസ്ഥാനങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചു കൊണ്ട് ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സഖ്യത്തിലെ നേതാക്കൾ പറയുന്നത്. ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങീ സഖ്യകക്ഷികൾ തമ്മിൽ തർക്കം തുടരുന്ന സംസ്ഥാനങ്ങളിൽ സമയമെടുത്ത് മാത്രമേ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകൂ എന്നാണ് വിവരം.















